കൊച്ചി : എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ എംആര്‍ വിപിന്‍ദാസിന്റെ പരാതിയിലാണ് കേസ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലാണ് ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് സംബന്ധിച്ച കുറിപ്പും അതിലെ കമന്റുകളോടുള്ള എഴുത്തുകാരിയുടെ പ്രതികരണങ്ങളുമാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായത്.
താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ് (ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല നടത്തിയതിന് പൊതുവേ പറയുന്ന പരമാര്‍ശം) നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.