ഓട്ടോയില്‍ നിന്നു വീണ് പെണ്‍കുട്ടി മരിച്ച കേസ്: പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഗാസിയാബാദ്: മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കല്‍ തടയുന്നതിനിടെ ഓട്ടോയില്‍ നിന്നു വീണ് പെണ്‍കുട്ടി മരിച്ച കേസിലെ പ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 27ന്, ബിടെക് വിദ്യാര്‍ഥിനിയായ കീര്‍ത്തി സിങ് (19) കോളജില്‍ നിന്നു ഓട്ടോയില്‍ മടങ്ങുമ്പോഴാണ് ബൈക്കിലെത്തിയ ബല്‍ബീറും ജിതേന്ദ്രയും മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

പിടിവലിക്കിടയില്‍ ഓട്ടോയില്‍ നിന്നു തെറിച്ചുവീണ പെണ്‍കുട്ടിയുടെ തല ഡിവൈഡറിലിടിച്ച് ഗുരുതര പരുക്കേറ്റു. വെന്റിലേറ്ററിലായിരുന്ന കുട്ടി ഞായറാഴ്ച മരിച്ചു. ബല്‍ബീറിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ ശനിയാഴ്ച തന്നെ പിടികൂടിയിരുന്നു. ഇയാളുടെ കാലിനു വെടിയേറ്റിട്ടുണ്ട്.

അതിനിടെ ഞായറാഴ്ച രാത്രി മസൂരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെക്ക് പോയിന്റില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തിയ ജിതേന്ദ്ര പൊലീസിനെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന പൊലീസിനു നേര്‍ക്കു വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ പൊലീസ് തിരിച്ചു വെടിയുതിര്‍ത്തപ്പോഴാണ് ജിതേന്ദ്രയ്ക്ക് പരുക്കേറ്റത്. കൂട്ടാളി ബൈക്കുമായി കടന്നു. വെടിയേറ്റു വീണ ജിതേന്ദ്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചെന്നു ഗാസിയാബാദ് പൊലീസ് കമ്മിഷണര്‍ വിവേക് ചന്ദ്ര യാദവ് പറഞ്ഞു. പ്രതികള്‍ നടത്തിയ ആക്രമണത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കു പരുക്കേറ്റിട്ടുണ്ട്.

പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മസൂരി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രവീന്ദ്ര ചന്ദ് പന്തിനെ സസ്‌പെന്‍ഡ് ചെയ്യുകയും 4 പൊലീസുകാരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 12ലേറെ കേസുകളുള്ള പിടികിട്ടാപ്പുള്ളിയാണു ജിതേന്ദ്ര. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കു പൊലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Top