യുവതിയെ ജ്യൂസ് നല്‍കി പീഡിപ്പിച്ച കേസ് ; പ്രതികള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

തിരുവനന്തപുരം: കൊച്ചിയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവര്‍ക്കെതിരെയാണ് ഐപിസി 376 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിക്കാമെന്ന് പറഞ്ഞാണ് ഡിസംബര്‍ 17ന് സൂര്യ യുവതിയെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തില്‍ പോകാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി കോവളത്തെ പഞ്ചകര്‍മ്മ ചികിത്സാലയത്തില്‍ എത്തിച്ചു. സൂര്യ യുവതിക്ക് ജ്യൂസ് നല്‍കി മയക്കുകയും ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു. ശേഷം സുഹൃത്തായ ശരത്തിനെ വിളിച്ചുവരുത്തി. 17ന് രാത്രിയും 18ന് രാവിലെയും ശരത്ത് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ബോധം തെളിഞ്ഞതോടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട് എന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന്, ശരത്ത് ഇന്നലെ കോവളം പോലീസിന്റെ പിടിയിലായിരുന്നു. സൂര്യയെ കൊച്ചിയില്‍ നിന്ന് എടത്തല പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കോവളം പൊലീസിന് കൈമാറുകയും ചെയ്തു. പ്രതികള്‍ക്കെതിരെ ഐപിസി 376 പ്രകാരം ബലാല്‍സംഗ കുറ്റം ചുമത്തി കേസെടുത്തു. സൂര്യയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും അതിജീവിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Top