മൂവാറ്റുപുഴയില്‍ വിദ്യാത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ആന്‍സണ്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വിദ്യാത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ബൈക്കോടിച്ച ആന്‍സണ്‍ റോയിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനിയായിരുന്ന ആര്‍. നമിത (20) യെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആയവന ഏനാനല്ലൂര്‍ കുഴുമ്പിത്താഴം കിഴക്കേമുട്ടത്ത് ആന്‍സന്‍ റോയിയുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആന്‍സണ്‍ ആശുപത്രി വിട്ടതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ തെളിവെടുപ്പ് നടത്തിയ ശേഷം ആന്‍സനെ കോടതിയില്‍ ഹാജരാക്കും.ആന്‍സണെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആണ്‍സണ് ലൈസന്‍സോ ലേണേഴ്‌സ് ലൈസന്‍സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.പ്രതി ഓടിച്ചിരുന്ന ബൈക്കിന് സാങ്കേതിക തകരാര്‍ ഇല്ലെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജൂലായ് 26-ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാത്ഥിയും വാളകം കുന്നക്കല്‍ വടക്കേ പുഷ്പകം വീട്ടില്‍ നമിത, അമിത വേഗത്തില്‍ ഓടിച്ച ബൈക്കിടിച്ച് മരിച്ചത്. ഇരുപതാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങവെയാണ് മകളുടെ മരണവാര്‍ത്ത നമിതയുടെ വീട്ടുകാരെ തേടിയെത്തുന്നത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഇറങ്ങിയ നമിതയെയും കൂട്ടുകാരി അനുശ്രീയേയും കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുന്നതിനിടെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മകളുടെ ജീവനെടുത്ത കേസില്‍ പ്രതി ആന്‍സണ്‍ റോയ്ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് നമിതയുടെ മാതാപിതാക്കള്‍ ഗിരിജയും രഘുവും ആവശ്യപ്പെടുന്നത്. രണ്ട് കൊലപാതക ശ്രമം, അടിപിടി, ലഹരിക്കടത്ത് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ആന്‍സണ്‍.

Top