മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞ ചാര്‍ട്ടര്‍ വിമാനം മുംബൈയില്‍ എത്തി

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് സംശയിച്ച് ഫ്രാന്‍സില്‍ തടഞ്ഞ ചാര്‍ട്ടര്‍ വിമാനം മുംബൈയില്‍ എത്തി. വിമാനത്തിലുണ്ടായ യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. 300ലധികം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫ്രാന്‍സിലെ ഷാംപെയ്ന്‍ പ്രദേശത്തുള്ള വാട്രി എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന വിമാനം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വിട്ടയച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് വിമാനം മുംബൈയില്‍ എത്തിയത്. 303 യാത്രക്കാരുമായി യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം, മനുഷ്യക്കടത്ത് സംശയത്തിന്റെ പേരില്‍ ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിട്ടയച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വിമാനം പിടിച്ചെടുത്ത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. മനുഷ്യക്കടത്തിന്റെ സൂത്രധാരനാണെന്ന് സംശയിച്ച് രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്തു. വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്. ഫ്രാന്‍സിലെ നിയമമനുസരിച്ച് വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പൊലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ സാധിക്കില്ല. ചോദ്യം ചെയ്യല്‍ എട്ട് ദിവസത്തേക്ക് നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയക്കാന്‍ തീരുമാനിച്ചത്.

റൊമാനിയന്‍ കമ്പനിയായ ലെജന്‍ഡ് എയര്‍ലൈന്‍സ് നടത്തുന്ന എ 340 ആണ് ഫ്രാന്‍സ് കസ്റ്റഡിയില്‍ എടുത്തത്. മനുഷ്യക്കടത്ത് നടത്താന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം താഴെയിറക്കിയതും യാത്രക്കാരെ കസ്റ്റഡിയില്‍ എടുത്തതും. കസ്റ്റഡിയിലെടുത്ത യാത്രക്കാരില്‍ പലരും ഫ്രാന്‍സില്‍ അഭയം അഭ്യര്‍ഥിച്ചിരുന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. യാത്രക്കാരില്‍ പ്രായപൂര്‍ത്തിയാകാത്ത രക്ഷിതാക്കള്‍ കൂടെയില്ലാത്തവരും ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ദുബായില്‍ നിന്ന് നിക്കരാഗ്വായിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ ഇറക്കിയത്.

Top