കൊവിഡ് വ്യാപനം; ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടങ്ങി

മസ്‌കറ്റ്: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ കൊവിഡ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ ഒമാനില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. ബലിപെരുന്നാള്‍ ദിനമായ ഇന്ന് മുതല്‍ ജൂലൈ 24 ശനിയാഴ്ച വരെയാണ് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്ത് രാത്രികാല കര്‍ഫ്യൂ തുടരുന്നതിനിടയിലാണ് പെരുന്നാള്‍ അവധി ദിനങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് മരണങ്ങളും ഐസിയു കേസുകളും വലിയ തോതില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

ഇതോടെ രാജ്യത്ത് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ആളുകളും വാഹനങ്ങളും പുറത്തിറങ്ങുന്നതിനും പൊതു ഇടങ്ങളിലെ ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. പെരുന്നാള്‍ അവധി ദിനങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ലെങ്കില്‍ കൂടുതല്‍ രോഗ വ്യാപനം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് രാജ്യം സമ്പൂര്‍ണ്ണ ലോക് ഡൗണിലേക്ക് പോയിരിക്കുന്നത്.

എന്നാല്‍ ബലിമാംസ വിതരണത്തിന് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയിട്ടുണ്ട്. ഫാര്‍മസികള്‍, കൂട്ടം കൂടിയുള്ള യാതൊരു ആഘോഷവും പാടില്ല. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നും കൊവിഡ് പ്രതിരോധത്തിനായുള്ള സുപ്രിം കമ്മിറ്റി ജനങ്ങളെ ആഹ്വാനം ചെയ്തു. അതേസമയം, അടിയന്തര സേവനങ്ങള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്താന്‍ ജോയിന്റ് ഓപ്പറേഷന്‍ സെന്റര്‍ മുഴുസമയവും പ്രവര്‍ത്തിക്കും.

റോയല്‍ ഒമാന്‍ പോലിസ്, ആരോഗ്യ വകുപ്പ്, വാണിജ്യ മന്ത്രാലയം തുടങ്ങിയ എല്ലാ പ്രധാന വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഓപ്പറേഷന്‍ സെന്റര്‍. അടിയന്തര ആവശ്യങ്ങള്‍ക്കും സംശയ നിവാരണങ്ങള്‍ക്കുമായി 1099 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

 

Top