തര്‍ക്കഭൂമിയില്‍ പശുവിനെ വളര്‍ത്തി; ഉത്തര്‍പ്രദേശില്‍ 70 കാരനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ എഴുപതുകാരനെ തല്ലിക്കൊന്നു. തര്‍ക്കഭൂമിയില്‍ പശുക്കളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്ഷീരകര്‍ഷകന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. ആക്രമണത്തില്‍ ഇയാളുടെ മകനും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഒരു ബന്ധുവിനെതിരെ കേസെടുത്തു.

കുരേഭര്‍ മേഖലയിലെ സധോഭാരി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. മഗ്ഗു റാം(70) ആണ് മരിച്ചത്. തര്‍ക്കഭൂമിയില്‍ പശുവിനെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. ഞായറാഴ്ച തര്‍ക്കം രൂക്ഷമായതോടെ ചിലര്‍ വടികൊണ്ട് റാമിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ വിജയ്ക്ക് മര്‍ദനമേറ്റത്.

സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മഗ്ഗു റാം കൊല്ലപ്പെടുകയായിരുന്നു. മകന്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. റാമിന്റെ അനന്തരവന്‍ മണിക് ലാലിനെതിരെ പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. കേസില്‍ ഒരു അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായതായി എസ്എച്ച്ഒ കുരേഭര്‍, പ്രവീണ്‍ കുമാര്‍ യാദവ് പറഞ്ഞു.

Top