മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ കൊച്ചിയില്‍ നാളെ നിര്‍ണായക ചര്‍ച്ച

മലപ്പുറം: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തില്‍ കൊച്ചിയില്‍ നാളെ നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടക്കും. ലീഗിന്റെ മൂന്നാം സീറ്റില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് നീക്കം.

കോണ്‍ഗ്രസിന്റെ അവഗണന ഒരു ഭാഗത്തും സിപിഐഎം മുന്നോട്ട് വെക്കുന്ന ഓഫറുകള്‍ മറുഭാഗത്തും വരുമ്പോള്‍ മുന്നണി മാറ്റം ഇന്നല്ലെങ്കില്‍ നാളെ സാധ്യമാകുമെന്ന് തന്നെയാണ് ലീഗ് നേതൃത്വത്തില്‍ ചിലരുടെ കണക്കുകൂട്ടല്‍. നാല് ലോക്സഭാ സീറ്റും മുപ്പത് നിയമസഭാ സീറ്റുകളും ലീഗിന് ഓഫര്‍ ചെയ്താണ് സിപിഐഎമ്മിന്റെ കാത്തിരിപ്പെന്നാണ് ലീഗിലെ തന്നെ സ്വകാര്യ സംസാരം.

ഓരോ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം ഉയരാറുണ്ട്. ഇത്തവണയും വിവാദം ശക്തമാണ്. ലീഗിലെ പ്രബലരായ നേതാക്കളില്‍ പലരും സ്വപ്നം കാണുന്ന മുന്നണി മാറ്റത്തിന് അനുകൂലമായ സാഹചര്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് വര്‍ഷങ്ങളായി തങ്ങളുയര്‍ത്തുന്ന മൂന്നാം സീറ്റ് എന്ന ആവശ്യം ഇനിയും അംഗീകരിക്കാത്ത കോണ്‍ഗ്രസിനൊപ്പം ഇനിയും തുടരേണ്ടതുണ്ടോ എന്ന തരത്തിലുള്ള വികാരം അണികള്‍ക്കിടയില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്.മൂന്നാം സീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. മുസ്ലിം ലീഗ് നിര്‍ണായക യോഗം 27-ന് ചേരും. ഇതിന് മുമ്പായി സീറ്റ് വിഷയത്തില്‍ പ്രഖ്യാപനം വേണമെന്നും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു. ഫോണ്‍ വഴി ചര്‍ച്ചകള്‍ സജീവമാണെങ്കിലും അനുരഞ്ജനത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ലീഗും.

Top