അട്ടപ്പാടി അഗളി വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ഇന്ന് മുതല്‍ ചികിത്സ

പാലക്കാട്: അട്ടപ്പാടി അഗളി വനമേഖലയില്‍ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാനക്ക് ധോണിയില്‍ ചികിത്സ തുടങ്ങി. വനപാലകര്‍ കുത്തനടി ജുംബി എന്ന് പേരിട്ട കുട്ടിയാനായുടെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് വനപാലകര്‍ പറയുന്നത്. വെറ്റനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് ചികിത്സ.

കഴിഞ്ഞ 26നാണ് കൂട്ടംതെറ്റിയ നിലയില്‍ ആറ് മാസം പ്രായമുളള കുട്ടിയാനയെ അഗളി വനമേഖലയില്‍ കണ്ടെത്തിയതത്. രോഗബാധയെ തുടര്‍ന്ന് അമ്മ ആന ഉപേക്ഷിച്ച കുട്ടിയാനയെ വനപാലകര്‍ കണ്ടെത്തുമ്പോള്‍ പൊക്കിള്‍കൊടിയില്‍ മുറിവും അണുബാധയും ഉണ്ടായിരുന്നു. ആനക്കൂട്ടം എത്തി കുട്ടിയാനയെ തിരികെ കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടാവാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഏറ്റെടുത്ത് ധോണിയിലേക്ക് മാറ്റിയത്.

മിനിഞ്ഞാന്ന് രാത്രിയോടെ ധോണിയിലെത്തിച്ച ജുംബിക്ക് ഡേവിഡ് എബ്രഹാമിന്റെ നേതൃത്തിലാണ് ചികിത്സ.നേരത്തെ പിടി സെവന് വേണ്ടി നിര്‍മ്മിച്ച കൂട്ടില്‍ കഴിയുന്ന കുട്ടിയാന വേഗത്തില്‍ സുഖം പ്രാപിച്ച് പോരുന്നതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.പൂര്‍ണ്ണമായി ആരോഗ്യം വീണ്ടെടുത്ത ശേഷം ആനയുടെ ഭാവി കാര്യത്തില്‍ തീരുമാനമെടുക്കും.

Top