ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള ഡല്‍ഹി കോടതി വിധിയുടെ പകര്‍പ്പ് പുറത്ത്. തരൂരിനെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രേസിക്യൂഷന് സാധിച്ചിട്ടില്ല. ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചാല്‍ പോലും കുറ്റം ചെയ്തുവെന്നും വിചാരണ നേരിടണമെന്നും പറയാന്‍ സാധിക്കില്ലെന്നും വിധിയില്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് സുനന്ദ പുഷ്‌കറിന്റെ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ കുറ്റവിമുക്തനാക്കിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ ഡല്‍ഹി പൊലീസിന്റെ നടപടി റദ്ദാക്കണമെന്ന ശശി തരൂരിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ശശി തരൂരിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് കോടതി ഉത്തരവ്.
ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ ആവശ്യം. ഐ പി സി 306 ആത്മഹത്യ പ്രേരണ, 498എ ഗാര്‍ഹിക പീഡനം എന്നീകുറ്റങ്ങളാണ് ശശി തരൂരിനെതിരെ കുറ്റപത്രത്തില്‍ ചേര്‍ത്തിരുന്നത്.
പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി തരൂര്‍ ബന്ധം തുടര്‍ന്നാല്‍ പോലും കേസില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ കഴിയില്ലെന്ന് വിധിയില്‍ പറയുന്നു. മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വച്ചശേഷമാണ് കോടതി വിഷയത്തില്‍ വിധി പറഞ്ഞത്.