ഭിന്നശേഷിക്കാരനായ 5 വയസുകാരന്റെ മാല കവര്‍ന്നു; അങ്കണവാടി ടീച്ചര്‍ അറസ്റ്റില്‍

കുട്ടനാട്: കുന്നങ്കരിയില്‍ ഭിന്നശേഷിക്കാരനായ അഞ്ചുവയസ്സുകാരന്റെ സ്വര്‍ണമാല കവര്‍ന്നെടുത്ത് പകരം മുക്കുപണ്ടം അണിയിച്ച അങ്കണവാടി ടീച്ചര്‍ അറസ്റ്റില്‍. കുന്നങ്കരിയിലെ അങ്കണവാടി അധ്യാപിക ശോഭാ സജീവിനെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. കുന്നങ്കരി സ്വദേശിയുടെ മകന്റെ 10 ഗ്രാമിന്റെ മാല ഇവര്‍ കവരുകയും തുടര്‍ന്ന് ചങ്ങനാശ്ശേരില്‍ നിന്ന് ഇതേ മാതൃകയില്‍ മുക്കുപണ്ടം വാങ്ങി കഴുത്തിലിട്ട് വിടുകയുമായിരുന്നുവെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്.

മാലയുടെ ലോക്കറ്റ് അഴിച്ചുമാറ്റി മുക്കുപണ്ടത്തില്‍ കൊളുത്തിയാണ് കുട്ടിയുടെ കഴുത്തിലിട്ടത്. ഭിന്നശേഷിക്കാരനായതിനാല്‍ കുട്ടിക്ക് ഇതേപ്പറ്റി ആരോടും പറയാന്‍ സാധിക്കില്ലെന്ന വിശ്വാസത്തിലായിരുന്നു ശോഭയുണ്ടായിരുന്നത്. മാലയ്ക്കു കൂടുതല്‍ തിളക്കമുള്ളതായിക്കണ്ട് നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടമാണെന്നു മനസ്സിലായത്. തുടര്‍ന്ന് വീട്ടുകാര്‍ രാമങ്കരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അങ്കണവാടി ടീച്ചറെയടക്കം ചോദ്യം ചെയ്‌തെങ്കിലും സംശയത്തിനിട കൊടുക്കാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം. പിന്നീടു നടത്തിയ വിശദ പരിശോധനയില്‍ വാലടിയിലെ സ്വകാര്യ സ്വര്‍ണപ്പണയ സ്ഥാപനത്തില്‍, മോഷണം പോയ അന്നുതന്നെ മാല പണയം വെച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ശോഭാ സജീവ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡു ചെയ്തു.

Top