‘കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു

കോടിയേരി ഒരു ദേശം ഒരു കാലം’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലാണ് പ്രദര്‍ശനം നടന്നത്. ബാലകൃഷ്ണനെന്ന വിദ്യാര്‍ഥി നേതാവില്‍നിന്നു കോടിയേരി ബാലകൃഷ്ണനിലേക്കുള്ള ദൂരമായിരുന്നു ഡോക്യുമെന്ററി അടയാളപ്പെടുത്തിയത്. ജിത്തു കോളയാടാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

വിദ്യാര്‍ഥിരാഷ്ട്രീയം മുതല്‍ പയ്യാമ്പലത്തേക്കുള്ള അന്ത്യയാത്രവരെ നീളുന്ന കോടിയേരിക്കാലത്തെ കാണാന്‍ പ്രിയപ്പെട്ടവരുള്‍പ്പെടെ സന്നിഹിതരായിരുന്നു. തോളോടുതോള്‍ ചേര്‍ന്ന് കൂടെ നടന്ന കോടിയേരി ബാലകൃഷ്ണനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് തുടക്കം.സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,പി.ബി. അംഗം പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, ടി.പദ്മനാഭന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുഭാഷിണി അലി, എ.കെ.ആന്റണി, പന്ന്യന്‍ രവീന്ദ്രന്‍, എം.എ.യൂസഫലി, പി.കെ.കൃഷ്ണദാസ്, ചീഫ് സെക്രട്ടറി വി.വേണു, കെ.കെ.മാരാര്‍, സഹപാഠികള്‍, സുഹൃത്തുക്കള്‍, അധ്യാപകര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവരെല്ലാം ഡോക്യുമെന്ററിയില്‍ കോടിയേരിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. മക്കളായ ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയുമാണ് സഹനിര്‍മാതാക്കള്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കള്‍ ഡോക്യുമെന്ററി കാണാന്‍ എത്തി.

 

Top