മഡ്ഗാവ്: എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ റയ്യാനെതിരേ ചരിത്ര സമനിലയുമായി എഫ്.സി ഗോവ.
ചരിത്രത്തിലാദ്യമായി എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയ ഗോവ, അല്‍ റയ്യാനെ ഗഗോള്‍രഹിത സമനിലയില്‍ തളച്ച് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗില്‍ പോയന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.
മുന്‍ ലോകകപ്പ് ജേതാവും പി.എസ്.ജിയുടെ മുന്‍ പരിശീലകനുമായിരുന്ന ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന അല്‍ റയ്യാനെതിരേ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ഗോവയ്ക്കായി. മത്സരത്തില്‍ ഖത്തര്‍ ക്ലബ്ബിന്റെ ആക്രമണങ്ങളെ നന്നായി പ്രതിരോധിക്കാന്‍ ഗോവയ്ക്കായി.
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഗോവന്‍ ടീമിന് എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത ലഭിച്ചത്. ആദ്യമായാണ് ഇന്ത്യന്‍ ക്ലബ്ബിന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചത്.