യുവ നടൻ നസ്ലിൻ കെ. ഗഫൂറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് യു.എ.ഇയിൽ നിന്നുള്ളതെന്ന് കണ്ടെത്തി. നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ചീറ്റകളെ എത്തിച്ചതുമായി ബന്ധപ്പെട്ട വാർത്താ പോസ്റ്ററിൽ വിവാദ കമൻറിട്ടതോടെയാണ് ഈ അക്കൗണ്ട് ജനശ്രദ്ധയിൽപ്പെട്ടത്. മീഡിയവണിന്റെ ഫേസ്ബുക്ക് പേജിന്റെ വാർത്തയുടെ താഴെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തിൽ നടൻ കമൻറിട്ടെന്നായിരുന്നു ആരോപണം.
തുടർന്ന് നടനെതിരെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതോടെ തനിക്ക് ഫേസ്ബുക്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കി നടൻ രംഗത്ത് വരികയും സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്യുകയായിരുന്നു. ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് കമന്റിട്ടത് യു.എ.ഇയിൽ നിന്നുള്ള അക്കൗണ്ടിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിന് കത്തയച്ചതിന് പിന്നാലെ വ്യാജ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.
സൈബർ ആക്രമണത്തെ തുടർന്ന് ഇൻസ്റ്റഗ്രാമിൽ നടൻ വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് കമന്റ് ഇട്ടിരിക്കുന്നതെന്നും തനിക്കെതിരായ സൈബർ ആക്രമണം വേദനാജനകമാണെന്നും താരം പറഞ്ഞു.