കൊച്ചി: ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വ്യാജ ഏറ്റുമുട്ടല്‍ നടത്തുന്നത് വിലക്കയറ്റം അടക്കമുള്ള പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് കാലത്ത് നടന്ന 1,333 കോടി രൂപയുടെ കൊള്ള, പൊലീസ് അതിക്രമങ്ങള്‍, സി.പി.എമ്മും പോഷക സംഘടനകളും അഴിഞ്ഞാടുന്ന സ്ഥിതി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉള്‍പ്പെടെ എല്ലാ മേഖലകളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനാണ് വ്യാജ ഏറ്റുമുട്ടലെന്നും സതീശന്‍ ആരോപിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ ജീര്‍ണത മറച്ചു വയ്ക്കാന്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ച് നടത്തിയ വി.സി. നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് സി.പി.എം. രാജ് ഭവന്‍ വളയുന്നത്. സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാരിനൊപ്പമായിരുന്നു ഗവര്‍ണര്‍. പിന്നെ എന്തിനാണ് രാജ്ഭവന്‍ വളയുന്നത്? കേസ് തള്ളണമെന്ന സര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീം കോടതിയില്‍ ഗവര്‍ണറും സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു.
സോളാര്‍ കേസിലെ പ്രതിയുടെ പേരില്‍ കേരളം മുഴുവന്‍ ബഹളമുണ്ടാക്കുകയും സെക്രട്ടേറിയറ്റ് വളയുകയും ചെയ്തവര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിക്ക് വിശ്വാസ്യതയില്ലെന്നാണ് പറയുന്നത്. എന്തൊരു ഇരട്ടത്താപ്പാണിതെന്നും സതീശന്‍ ആരാഞ്ഞു. സോളാര്‍ കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടവരാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് വിശ്വാസ്യതയില്ലെന്ന് പറയുന്നത്. ദിവസവും നാണം കെടുത്തുന്ന തെളിവുകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.