പൂനെയിൽ മുന്‍ ഇന്ത്യന്‍ പേസർ സഹീര്‍ ഖാന്റെ റസ്റ്റ്‌റന്റ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ തീപിടിത്തം

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ പൂനെയിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റ് ഉള്‍പ്പെടുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. പൂനെയിലെ ലുല്ലാ നഗര്‍ ചൗക്കിലുള്ള മാര്‍വല്‍ വിസ്തയിലാണ് തീപ്പിടിച്ചത്. ഇന്നുരാവിലെ 8.45നാണ് സംഭവം. ഏഴ് നിലകളുള്ളതാണ് കെട്ടിടം. ഇതില്‍ ഏറ്റവും താഴത്തെ നിലയിലാണ് സഹീറിന്റെ റസ്റ്ററന്റ്. എന്നാല്‍ കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ പടര്‍ന്നത്. പൂര്‍ണമായി കത്തിനശിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ആറ് യൂനിറ്റ് അഗ്‌നിരക്ഷ സേനയെത്തി 10 മണിയോടെയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമായും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹീര്‍ ഖാന്‍സ് ഡൈന്‍ ഫൈന്‍ എന്ന പേരിലാണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. മറ്റു നിലകളില്‍ നാശനഷ്ടങ്ങളോ കേടുപാടുകളോ സംഭവിച്ചിട്ടില്ല. ആളപായവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ആഗോള ക്രിക്കറ്റ് ഡെവലപ്‌മെന്റ തലവനാണ് സഹീര്‍. ടീം ഡയറക്ടറായിരുന്നു മുന്‍ ഇന്ത്യന്‍ പേസറെ അടുത്തിടെയാണ് പുതിയ ചുമതല നല്‍കിയത്. മുംബൈ ഇന്ത്യന്‍സിന് യുഎഇ ടി20 ലീഗിലും ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലും ടീമുകളുണ്ട്. വിവിധ രാജ്യങ്ങളിലെ ടി20 ലീഗുകളില്‍ നിന്ന് കളിക്കാരെ കണ്ടെത്തുകയും അവരെ ടീമിലെത്തിക്കുകയും ചെയ്യുക എന്നതാണ് സഹീര്‍ ഖാന്റെ ചുമതല.

Top