മധ്യപ്രദേശ്: അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചു. കുട്ടിയുടെ ബന്ധുകുടിയായ 20കാരനായ ആനന്ദ് കുശ്വാഹയാണ് കേസിലെ പ്രതി. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലെ കതംഗി വില്ലേജിലാണ് സംഭവം. എന്നാല്‍ കുട്ടിയെ കാണാതായതു മുതല്‍ അന്വേഷിക്കാന്‍ ആനന്ദും മുന്നില്‍ ഉണ്ടായിരുന്നു.
കാണാതാകുന്നതിന് മുമ്പ് വരെ കുട്ടി ആനന്ദിന് ഒപ്പം ഉണ്ടായിരുന്നു എന്ന കുട്ടിയുടെ അച്ഛന്റെ മൊഴിയാണ് ആനന്ദിനെ കുടുക്കിയത്. ഇതേതുടര്‍ന്ന് പോലീസ് ആനന്ദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ആനന്ദ് കുറ്റം സമ്മതിക്കുകയായിരുന്നു. ഗ്രാമത്തിന്റെ പ്രദേശത്തു കൂടിയുള്ള നദിയുടെ സമീപം വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പ്രതി പൊലീസില്‍ പറഞ്ഞു.
എന്നാല്‍ സംശയം തോന്നിയ പോലീസ് പ്രതിയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നും കുട്ടി കരയാന്‍ തുടങ്ങിയപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തിയെന്നും പ്രതി മൊഴി നല്‍കി. മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ചെന്നും മുറിയില്‍ തെറിച്ച രക്തം കഴുകി കളഞ്ഞുവെന്നും ആനന്ദ് പറഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആനന്ദ് പറഞ്ഞത് സത്യമാണെന്ന് തെളിയുകയായിരുന്നു.