സ്വിച്ച് ഗിയറിലുണ്ടായ നിര്‍മ്മാണ പിഴവുമൂലം ഇന്ത്യയില്‍ സ്ട്രീറ്റ് ട്രിപിള്‍ RS ബൈക്കുകളെ ട്രയംഫ് തിരിച്ചുവിളിക്കുന്നു. ഡീലര്‍ഷിപ്പ് തലത്തില്‍ സ്വിച്ച് ഗിയര്‍ പ്രശ്‌നം പരിഹരിക്കാനാണ് കമ്പനിയുടെ നീക്കം. അതേസമയം സ്വിച്ച് ഗിയര്‍ മാറ്റിസ്ഥാപിക്കുമോ എന്ന കാര്യത്തില്‍ ട്രയംഫ് വ്യക്തത വരുത്തിയിട്ടില്ല.
ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കി പ്രശ്‌നസാധ്യതയുള്ള സ്ട്രീറ്റ് ട്രിപിള്‍ RS ബൈക്കുകളെ ട്രയംഫ് തിരിച്ചുവിളിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. വിപണിയില്‍ വിറ്റ നൂറോളം ബൈക്കുകളില്‍ പ്രശ്‌നമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രശ്‌നസാധ്യതയുള്ള സ്ട്രീറ്റ് ട്രിപിള്‍ RS ഉടമകളെ ട്രയംഫ് ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ബന്ധപ്പെടും.
ബൈക്കിന്റെ ഇടതു വശത്തുള്ള സ്വിച്ച് ക്യൂബിലാണ് തകരാര്‍. നിര്‍മ്മാണ പിഴവു കാരണം സ്വിച്ച് ഗിയറിനുള്ളിലേക്ക് വെള്ളം കടന്നു ഇന്‍ഡിക്കേറ്ററുകളും മെയിന്‍ ബീം ലൈറ്റും അനവസരത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വിച്ച് ഗിയറിനകത്തു വെള്ളം കടന്നാല്‍ ഹെഡ്‌ലാമ്പ്, ഹോണ്‍, ഇന്‍ഡിക്കേറ്റര്‍ പോലുള്ള വൈദ്യുത ഘടകങ്ങളുടെ പ്രവര്‍ത്തനം സാരമായി ബാധിക്കും.സ്വിച്ച് ഗിയറിനകത്തു വെള്ളം കടന്നാല്‍ ഹെഡ്‌ലാമ്പ്, ഹോണ്‍, ഇന്‍ഡിക്കേറ്റര്‍ പോലുള്ള വൈദ്യുത ഘടകങ്ങളുടെ പ്രവര്‍ത്തനം സാരമായി ബാധിക്കുകയും. രാത്രികാല യാത്രകളില്‍ ഹെഡ്‌ലാമ്പ് പ്രവര്‍ത്തനരഹിതമാകുന്നത് വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്നും ബൈക്കില്‍ പരാതി തുടരെ തുടരെ ഉയര്‍ന്നപ്പോഴാണ് നിര്‍മ്മാണ പിഴവു കമ്പനി തിരിച്ചറിഞ്ഞത്. ഇതു പരിഗണിച്ചാണ് സ്ട്രീറ്റ് ട്രിപിള്‍ RS കളെ തിരിച്ചുവിളിക്കാനുള്ള കമ്പനിയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷമാണ് പുതിയ സ്ട്രീറ്റ് ട്രിപിള്‍ RS നെ ട്രയംഫ് ഇന്ത്യയില്‍ കൊണ്ടുവന്നത്. ബൈക്കിന് വില 10.55 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം ദില്ലി). രണ്ടു വകഭേദങ്ങളിലാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപിള്‍ വിപണിയില്‍ അണിനിരക്കുന്നത്. സ്ട്രീറ്റ് ട്രിപിള്‍ S, സട്രീറ്റ് ട്രിപിള്‍ RS എന്നിങ്ങനെയാണ് വകഭേദങ്ങള്‍. സ്ട്രീറ്റ് ട്രിപിള്‍ നിരയില്‍ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് RS പതിപ്പ്. ഇപ്പോള്‍ കണ്ടെത്തിയ നിര്‍മ്മാണ പിഴവ് സ്ട്രീറ്റ് ട്രിപിള്‍ RS ല്‍ മാത്രമാണ്. സ്ട്രീറ്റ് ട്രിപിള്‍ S ന് കുഴപ്പങ്ങളില്ലെന്ന് കമ്പനി വ്യക്തമാക്കി.
നേരത്തെ നിര്‍മ്മാണ പിഴവു കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണ്ടയും ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍ മോഡലുകളെ തിരിച്ചുവിളിച്ചിരുന്നു. ഹോണ്ട സ്‌കൂട്ടറുകളുടെ മുന്‍ ഫോര്‍ക്കിലുള്ള ബോള്‍ട്ടിലായിരുന്നു പ്രശ്‌നം. സാധാരണയായി തിരികെ വിളിക്കല്‍ നടപടികള്‍ അതതു നിര്‍മ്മാതാക്കളുടെ പ്രതിച്ഛായയെ സാരമായാണ് ബാധിക്കാറുള്ളത്. പലപ്പോഴും പ്രശ്‌നങ്ങളെ ഏറെക്കാലം മൂടിവെച്ച് വാണിജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വാഹനനിര്‍മ്മാതാക്കള്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി ട്രയംഫും ഹോണ്ടയും പ്രഖ്യാപിച്ച തിരികെ വിളിക്കല്‍ നടപടി പ്രശംസനീയമാണ്.