പ്രിഗേഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് മുന്‍ ജനറല്‍

ന്യൂയോര്‍ക്ക്∙ അപ്രതീക്ഷിത പടനീക്കത്തിലൂടെ റഷ്യയെ ഞെട്ടിച്ച കൂലിപ്പട്ടാമായ വാഗ്നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗേഷിന്‍ കൊല്ലപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് മുന്‍ സൈനിക ഉദ്യോഗസ്ഥന്‍. കലാപമുണ്ടായി അഞ്ചു ദിവസത്തിനു ശേഷം പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും പ്രിഗോഷിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് യുഎസ് മുന്‍ സൈനിക ജനറല്‍ റോബര്‍ട്ട് ഏബ്രഹാം ഒരു മാധ്യമത്തോട് ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച നടന്നുവെന്നത് റഷ്യന്‍ ഭരണകൂടം സൃഷ്ടിച്ച വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ഇനി ഒരിക്കലും പ്രിഗോഷിനെ പൊതുവേദിയില്‍ കാണില്ലെന്നാണ് താന്‍ കരുതുന്നതെന്നും ജനറല്‍ റോബര്‍ട്ട് പറഞ്ഞു. അയാളെ രഹസ്യമായി എവിടെയെങ്കിലും താമസിപ്പിക്കുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യും. അല്ലെങ്കില്‍ മറ്റേതെങ്കിലും രീതയില്‍ പ്രതികരിച്ചിട്ടുണ്ടാകാം. എന്തായാലും ഇനി പ്രഗോഷിനെ കാണാനാകുമെന്നു കരുതുന്നില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നു ഞാന്‍ വ്യക്തിപരമായി കരുതുന്നില്ല. ഉണ്ടെങ്കില്‍ തന്നെ ജയിലില്‍ ആയിരിക്കും’ – റോബര്‍ട്ട് പറഞ്ഞു.

പ്രഗോഷിനും പുട്ടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നും സര്‍ക്കാരിനോടുള്ള വിധേയത്വം പ്രിഗോഷിന്‍ അറിയിച്ചുവെന്നുമാണ് റഷ്യ പറഞ്ഞത്. ജൂണ്‍ 29നു ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന 3 മണിക്കൂര്‍ യോഗത്തില്‍ വാഗ്നര്‍ ഗ്രൂപ്പിന്റെ യൂണിറ്റ് കമാന്‍ഡര്‍മാര്‍ അടക്കം 35 പേര്‍ പങ്കെടുത്തതായി ക്രെംലിന്‍ വക്താവ് ദിമിത്രി എസ്. പെസ്‌കോവ് പറഞ്ഞു. എന്നാല്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.

ജൂണ്‍ 24നു തെക്കന്‍ റഷ്യന്‍ പട്ടണമായ റോസ്‌തോവ് പിടിച്ചെടുത്തു മോസ്‌കോയിലേക്കു നീങ്ങിയ കൂലിപ്പട്ടാളം രാജ്യത്ത് ആഭ്യന്തരയുദ്ധഭീഷണി ഉയര്‍ത്തിയിരുന്നു. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കാഷെന്‍കോ നടത്തിയ മധ്യസ്ഥചര്‍ച്ചയെത്തുടര്‍ന്നാണു പ്രിഗോഷിന്‍ പിന്‍വാങ്ങിയത്. കലാപനീക്കത്തിനു പിന്നാലെ പ്രിഗോഷിനെതിരെ റഷ്യ കേസെടുത്തിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു.

Top