മധ്യപ്രദേശ്: ഉമരിയില്‍ കുഴല്‍ക്കിണറില്‍ വീണ 4 വയസുകാരന്‍ മരിച്ചു. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്ന് രാവിലെ കുട്ടിയെ പുറത്തെടുത്തിരുന്നു. തുടര്‍ന്ന് ആശുപ്രത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ചയാണ് ബദ്ചാദില്‍ ഗൗരവ് ദുബെ കുഴല്‍ക്കിണറില്‍ വീണത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണര്‍ തുറന്ന നിലയിലായിരുന്നു. അവിടെ കളിക്കുകയായിരുന്ന ഗൗരവ് കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കരച്ചില്‍ കേട്ടാണ് കുഴല്‍ക്കിണറില്‍ വീണ വിവരം ആളുകള്‍ അറിഞ്ഞത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പൊലീസും സ്ഥലത്തെത്തി.
വിവരമറിഞ്ഞ് ഉമരിയ ജില്ലാ കളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവും എസ്പിയും സ്ഥലത്തെത്തി. ഭരണാധികാരികള്‍ക്കൊപ്പം അദ്ദേഹം സംഭവസ്ഥലം പരിശോധിച്ചു. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നതിനായി കുഴല്‍ക്കിണറില്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. മെഡിക്കല്‍ സംഘവും എത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണി വരെ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ഗൗരവിനെ പുറത്തെടുത്ത് കട്നി ജില്ലയിലെ ബര്‍ഹി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.
എന്നാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി ഉമരിയ കളക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു. ജില്ലാ ഭരണകൂടവും മുഴുവന്‍ റെസ്‌ക്യൂ ടീമും കുട്ടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.