ഭുവനേശ്വർ: ലൈംഗികമായി പീഡിപ്പിച്ച ശേഷം നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം 22 വയസുകാരനായ പ്രതി സംഭവം പുറത്തറിയാതിരിക്കാന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ ഇരുമ്പുവാതില്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപാകം നടത്തിയത്.
കഴിഞ്ഞ ദിവസമാണ് അയല്‍വാസിയായ യുവാവിന്റെ വീടിന്റെ ടെറസില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ നാലു വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. അടുത്ത വീട്ടിലേക്ക് പോയ മകനെ ഏറെ നേരമായിട്ടും കാണാതായതോടെ അന്വേഷിച്ചെത്തിയ മാതാപിതാക്കളാണ് കുട്ടിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടിയെത്തി. കുട്ടിയെ ഉടനെ തന്നെ ധാരാകോട്ടിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വീട്ടുകാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തെങ്കിലും സംഭവത്തിന് ശേഷം പ്രതിയായ യുവാവ് നാടുവിട്ടിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പീഡനവിവരം പുറത്തു പറയാതിരിക്കാനായി കുട്ടിയെ ഇരുമ്പ് വാതിലില്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രതി മൊഴി നല്‍കിയത്.
ഇരുമ്പ് വാതിലില്‍ കൊണ്ടുള്ള അടിയേറ്റ് തലയ്ക്കേറ്റ മാരക മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് കുട്ടി മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് ഡിസിപി വ്യക്തമാക്കി. അതേസമയം പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാനും ഇരയുടെ മാതാപിതാക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ രബീന്ദ്ര മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആഭ്യര്‍ത്ഥിച്ചിട്ടുണ്ട്.