വീടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

ഹൈദരാബാദ്: വീടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനേയും രണ്ടാനമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നാട്ടുകാരാണ് ക്രൂരമായ പീഡന വാര്‍ത്ത പുറത്തുകൊണ്ടു വന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകര്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തിലും, കയ്യിലും, കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ശിവയുടെ പീഡനം കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം.

പിന്നീടാണ് ആദ്യ ഭാര്യയുടെ സഹോദരി ധനലക്ഷിയെ ശിവ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യയില്‍ ശിവയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അതില്‍ ഏറ്റവും ഇളയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്. ധനലക്ഷി ഒന്‍പത് മാസം ഗര്‍ഭിണിയാണ്. കുട്ടി ക്ലാസ്സില്‍ മൂത്രമൊഴിക്കുന്നുവെന്ന് അധ്യാപിക ധനലക്ഷിയോട് നേരത്തെ പരാതിപ്പെട്ടിരിന്നു. ഇത് വീട്ടിലും ആവര്‍ത്തിച്ചതോടെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

Top