പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് സൗകര്യം ഒരുക്കാനായി അയ്യപ്പഭക്തരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം സജീവം. പോണ്ടിച്ചേരി സ്വദേശികളായ അഞ്ചംഗ സംഘത്തെ പറ്റിച്ച് 5000 രൂപ ഇവര്‍ കൈക്കലാക്കി. കേസിലെ നൂലാമാലകള്‍ ഭയന്ന് അയ്യപ്പഭക്തര്‍ പൊലീസില്‍ പരാതി പെടാത്തത് സംഘത്തിന് രക്ഷയാണ്. പോണ്ടിച്ചേരിയില്‍ നിന്നുള്ള അയ്യപ്പ ഭക്തനും 4 സുഹൃത്തുക്കള്‍ക്കുമാണ് കഴിഞ്ഞ ദിവസം പണം നഷ്ടമായത്.
ശബരിമല ദര്‍ശനത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ഇവര്‍ക്ക് പോണ്ടിച്ചേരി ട്രാവല്‍ ഏജന്‍സി നടത്തുന്നയാളാണ് നിലയ്ക്കലില്‍ ഒരാളെ പരിചയപ്പെടുത്തിയത്. ഒരാള്‍ക്ക് 9000 രൂപ വീതം നല്‍കിയാല്‍ യാതൊരു തടസവും ഇല്ലാതെ അയ്യപ്പ ദര്‍ശനമൊരുക്കാമെന്നു പറഞ്ഞു ഉറപ്പും നല്‍കി. തുക നല്‍കാമെന്ന് സമ്മതിച്ച ഭക്തര്‍ ഇടനിലക്കാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 5000 രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പോണ്ടിച്ചേരിയില്‍ നിന്ന് കുമളിയില്‍ എത്തിയാല്‍ പാസ് നല്‍കാം എന്നും ഇടനിലക്കാരന്‍ പറഞ്ഞു
കുമളിയില്‍ എത്തിയപ്പോള്‍ ഭക്തരോട് നിലയ്ക്കല്‍ എത്താന്‍ നിര്‍ദേശിച്ചു. 20 വര്‍ഷമായി ശബരിമല ദര്‍ശനം നടത്തുന്ന ഇവര്‍ നിലയ്ക്കലെത്തി ഇടനിലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ ഓഫായിരുന്നു. ഒരു രാത്രി അവിടെ താമസിച്ച് അന്വേഷിച്ചിട്ടും പ്രയോജനമില്ലാതെ വന്നതോടെ തട്ടിപ്പ് മനസിലായി.