മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണു ഓര്‍മ്മയായിട്ട് ഇന്നേക്ക് 2 വര്‍ഷം. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും, കഥാപാത്രങ്ങള്‍ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്തും മലയാളികളുടെ മനസിലും ജീവിക്കുകയാണ് അദ്ദേഹം. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍ അഞ്ഞൂറിലധികം വേഷങ്ങള്‍, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും പ്രസരിപ്പോടെ നെടുമുടി കഥാപാത്രങ്ങള്‍ നിലനില്‍ക്കുന്നു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ പി കെ കേശവന്‍പിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22-ന് ജനിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രത്തിലെ നെടുമുടിയുടെ കഥാപാത്രം എന്നിവ ശ്രദ്ധേയമായി.
വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി അദ്ദേഹം മാറി. അഭിനയവൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമാണ്. വിദ്യാഭ്യാസ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ആലപ്പുഴ എസ് ഡി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകനായും ആലപ്പുഴയില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകള്‍ക്കു വേണ്ടി കഥയുമെഴുതിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ, സവിധം, തീര്‍ത്ഥം, അമ്പട ഞാനേ തുടങ്ങിയവയാണ് കഥ എഴുതിയ ചിത്രങ്ങള്‍. കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ കമലഹാസന്‍ നായകനായി അഭിനയിച്ച ഇന്ത്യന്‍, വിക്രം നായകനായി അഭിനയിച്ച അന്ന്യന്‍ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
തകര, ഒരിടത്തെരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നൂറുങ്ങുവെട്ടം, പാളങ്ങള്‍, പഞ്ചാഗ്‌നി, വന്ദനം,ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി, ചാര്‍ളി,നോര്‍ത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി എണ്ണി തിട്ടപ്പെടുത്താന്‍ പറ്റാത്ത 500ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.
3 തവണ ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന ചലച്ച്ിത്ര പുരസ്‌കാരങ്ങളും ഈ പ്രതിഭയം തേടിയെത്തി. അഭിനയ ജീവിതത്തിലെ 5 ദശകങ്ങള്‍ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അഭിനയ ലോകത്തെ അതികായന്, മലയാളത്തിന്റെ സ്വന്തം നെടുമുടി വേണുവിന് പ്രണാമം.