കാഞ്ഞിരപ്പള്ളി: കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ജെസ്നയോട് രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയെ ബംഗളുരുവില്‍ കണ്ടെത്തിയെന്ന് സൂചന.
ബംഗളുരുവിലെ ഒരു കടയില്‍ ജെസ്‌നയോടു രൂപസാദൃശ്യമുള്ള ഒരു പെണ്‍കുട്ടി എത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഘം ബംഗളുരുവില്‍ എത്തിയത്. ഇത് ആറാം തവണയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് ബംഗളുരുവിലെത്തുന്നത്.
ഫോണ്‍ സന്ദേശങ്ങളെ തുടര്‍ന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളില്‍ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചു. എന്നാല്‍ കണ്ടെത്തിയത് ജെസ്നയാണെന്ന് ഉറപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. സൈബര്‍ അന്വേഷണമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്ന് തിരുവല്ല ഡി.വൈ.എസ്.പി വ്യക്തമാക്കി.
പോലീസ് പല സ്ഥലങ്ങളില്‍ സ്ഥാപിച്ച വിവര ശേഖരണ പെട്ടികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് സഹായകമായില്ല.
എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജയിംസ് ജോസഫിന്റെ മകളായ ജെസ്‌നയെ മാര്‍ച്ച് 22-ന് ആണ് കാണാതാകുന്നത്. കാണാതാകുന്ന ദിവസം ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിന്നീട് അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞശേഷം വീട്ടില്‍നിന്നിറങ്ങി മുക്കൂട്ടുതറ ടൗണില്‍ എത്തിയ ജെസ്‌നയെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ല.