അമേരിക്കയിലെ ലൂസിയാനയിലെ ഒരു വീട്ടുമുറ്റത്ത് സ്ഥാപിച്ച റിങ് ഡോർബൽ കാമറയിൽ പതിഞ്ഞ ഒരു ദൃശ്യം ഇപ്പോൾ പ്രദേശവാസികളെയാകെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. മൃഗങ്ങളോ കള്ളന്മാരോ ഒന്നുമല്ല, ഒരു അജ്ഞാത അഗ്നിഗോളമാണ് ക്യാമറ കണ്ണുകളിൽ പതിഞ്ഞിരിക്കുന്നത്. പച്ച നിറത്തിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട അഗ്നിഗോളത്തിന്റെ വിഡിയോ പുറത്തുവന്നതോടെ അത് യുഎഫ്ഒയോ (അൺ ഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട്) അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ആകാമെന്ന തരത്തിൽ ചർച്ചകളും സജീവമായി.
ആകാശത്തുനിന്നും പൊടുന്നനെ പ്രത്യക്ഷപ്പെട്ട അഗ്നിഗോളം സെക്കൻഡുകൾ കൊണ്ട് വലുതാകുന്നതും തൊട്ടടുത്ത നിമിഷം മാഞ്ഞുപോകുന്നതും വിഡിയോയിൽ വ്യക്തമായി കാണാം. അഗ്നിഗോളം പ്രത്യക്ഷപ്പെട്ട അത്രയും സമയവും പ്രദേശത്താകെ പച്ചനിറം പ്രതിഫലിക്കപ്പെട്ടിരുന്നു. ഡോർബെൽ ക്യാമറയിലെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സമീപമേഖലകളിൽ നിന്നുള്ള പലരും ഇതേ അഗ്നിഗോളം കണ്ടതായി വെളിപ്പെടുത്തുകയും കൂടി ചെയ്തതോടെ പലതരത്തിലുള്ള കഥകൾ പ്രചരിക്കുകയും ചെയ്തു. യുഎഫ്ഒ ആകാമെന്ന തരത്തിൽ വാർത്ത പ്രചരിച്ചത് മുതൽ ജനങ്ങൾ അതീവ ജാഗ്രതയോടെയാണ് കഴിയുന്നത്.
🛸Footage of a Green Fireball caught in Gretna, Louisiana. UFO?? #ufotwitter #uaptwitter #UFOs #UFOSightings #UAPs #Disclosure pic.twitter.com/nzoE8VtkMQ
— JVARTS The Fine Arts Club/Meta Homeboy/Alien Arts (@TheFineArtsClub) July 18, 2023
സംഭവത്തിൽ അമേരിക്കൻ മിറ്റിയറോളജിക്കൽ ഏജൻസി ദൃശ്യങ്ങൾ വിശദമായ പഠനത്തിന് വിധേയമാക്കികൊണ്ടിരിക്കുകയാണ്. അഗ്നി ഗോളം ഉൽക്ക തന്നെയാണെന്നും മറ്റ് ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നുമാണ് ഏജൻസി ഉറപ്പിച്ചു പറയുന്നത്. അടുത്തയിടെ അമേരിക്കയിലെ മറ്റ് ആറ് സംസ്ഥാനങ്ങളിൽ കൂടി സമാനമായ രീതിയിൽ ഉൽക്ക പതിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിശദീകരണങ്ങൾ പുറത്തു വന്നതിനുശേഷവും അഗ്നിഗോളത്തെക്കുറിച്ചുള്ള സംശയങ്ങൾ ജനങ്ങളിൽ നിന്നും വിട്ടകന്നിട്ടില്ല.