ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ചടങ്ങ്. ചെങ്കോൽ നാളെ കൈമാറുമെന്നായിരുന്നു സൂചന.
ഉദ്ഘാടന ചടങ്ങിനെയും, ചെങ്കോലിനെയും ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും. പുതിയ മന്ദിരോദ്ഘാടനത്തിന്റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും നാളെ പുറത്തിറക്കും. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാകും. അതേസമയം, ചടങ്ങ് ബഹിഷ്ക്കരിക്കുന്ന പ്രതിപക്ഷത്തിന് നേരെ ഭരണപക്ഷ നേതാക്കള്‍ വിമര്‍ശനം കടുപ്പിച്ചു.
പ്രതിപക്ഷത്തിന്റെ ബഹിഷ്കക്കരണം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും മനത്രി അനുരാഗ് താക്കൂറും അപലപിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരു ദിവസത്തേക്ക് മാറ്റിവച്ച് ലോകം നാളെ ഉറ്റുനോക്കുന്ന ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കണമെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. അതേസമയം ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ രാജ്യതലസ്ഥാനം കനത്ത ജാഗ്രതയിലായിരിക്കും. പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങും. കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ദില്ലി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടും.