കൊവിഡ് പരത്തിയത് വുഹാന്‍ മാര്‍ക്കറ്റിലെ മരപ്പട്ടിയാണെന്ന കണ്ടെത്തലുമായി ഒരു സംഘം ഗവേഷകര്‍

വുഹാന്‍: ലോകത്തെ തന്നെ നിശ്ചലാവസ്ഥയിലാക്കിയെ ചെറു വൈറസ് കൊവിഡ് 19ന്റെ ഉത്ഭവ കേന്ദ്രത്തേക്കുറിച്ചും ഉത്ഭവത്തിന് കാരണമായ ജീവിയേക്കുറിച്ചും അന്തര്‍ദേശീയ തലത്തില്‍ രാഷ്ട്രീയ ശാസ്ത്രീയ തര്‍ക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് പടര്‍ന്നതെ എന്നതിന് സംശയമില്ലെങ്കിലും പടരാന്‍ കാരണമായ ജീവിയേക്കുറിച്ച് പലതാണ് വാദങ്ങള്‍. കൊവിഡ് 19 മഹാമാരിക്ക് കാരണം ചൈനയിലെ വുഹാൻമാർക്കറ്റിലെ മരപ്പട്ടിയാണെന്ന് കണ്ടെത്തലാണ് ഒരു സംഘം വൈറസ് വിദഗ്ദർ നടത്തിയിരിക്കുന്നത്.

കൊവിഡ് പടര്‍ന്ന് പിടിച്ച് കഴിഞ്ഞ് ഏകദേശം രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ഇത്. അരിസോണ, ഉട്ടാ, സിഡ്നി, സ്ക്രിപ്സ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നി അടക്കമുള്ളവയില്‍ നിന്നുള്ള വിദഗ്ധരുടെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത പഠനത്തിലാണ് മരപ്പട്ടിയാണ് വൈറസ് പടരാന്‍ കാരണമായ ജീവിയെന്ന് വ്യക്തമാക്കിയിട്ടുള്ളത്. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്ന് 2020 ജനവുരിയില്‍ ശേഖരിച്ച സാംപിളുകളെ ആധാരമാക്കിയാണ് ഈ പഠനം. കൊവിഡ് 19 വ്യാപിച്ചതിനു പിന്നാലെ ചൈനയിലെ വുഹാൻ മാർക്കറ്റ് അധികാരികൾ അടപ്പിച്ചിരുന്നു. മാത്രമല്ല അവിടെ വിൽപ്പനക്കായി എത്തിച്ചിരുന്ന മുഴുവൻ മൃഗങ്ങളേയും മാറ്റുകയും ചെയ്തിരുന്നു.

മാർക്കറ്റിൽ മൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഇടത്തെ ഭിത്തികൾ, തറ, ഇരുമ്പു കൂടുകൾ, മൃഗങ്ങളെ കൊണ്ടുവന്ന കൂടുകൾ എന്നിവയിൽ നിന്നുമെല്ലാമാണ് ഗവേഷണ സംഘം സാമ്പിളുകൾ ശേഖരിച്ചത്. കൊറോണ വൈറസ് മനുഷ്യരിലേക്ക് പടർന്നത് വവ്വാലിൽ നിന്നാണെന്നും അതല്ല ലാബില്‍ നിന്നുമാണെന്നും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞൻമാരും രാഷ്ട്രീയക്കാരും തമ്മിൽ വൻ ചര്‍ച്ചകളാണ് നടക്കുന്നത്. മരപ്പട്ടിയുടെ ജനിതക സാംപിളുകളുമായി വലിയ രീതിയലുള്ള സാമ്യമാണ് വൈറസിനുള്ളതെന്നും പഠനം പറയുന്നു. മരപ്പട്ടിക്ക് കൊവിഡ് വൈറസ് പ്രചരിപ്പിക്കാനുള്ള കഴിവുണ്ടെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വൈറസില്‍ കണ്ടെത്തിയ ന്യൂക്ലിക് ആസിഡിനൊപ്പം മരപ്പട്ടിയില്‍ നിന്നുള്ള ന്യൂക്ലിക് ആസിഡും കണ്ടെത്താനായിയെന്നാണ് ഗവേഷകര്‍ പറയുന്നത്. ജനിതക വിവരങ്ങള്‍ വഹിക്കുന്ന ബില്‍ഡിംഗ് ബ്ലോക്കുകളാണ് ന്യൂക്ലിക് ആസിഡെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അണുബാധയുള്ള ജീവിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മാര്‍ക്കറ്റിലുണ്ടായിരുന്ന ജീവികളൊന്നാണ് വൈറസ് പരത്തിയതെന്ന് സമര്‍ത്ഥിക്കാന്‍ ഇനിയും കടമ്പകളുണ്ടെന്നാണ് ഗവേഷക്‍ വിശദമാക്കുന്നത്.

Top