സിനിമാ പോസ്റ്ററുകള്‍ വിറ്റ് സിനിമ നിര്‍മിച്ച് ഒരുകൂട്ടം യുവതി യുവാക്കള്‍

തിരുവനന്തപുരം: സിനിമാ പോസ്റ്ററുകള്‍ വിറ്റു കിട്ടുന്ന കാശ് കൊണ്ട് സിനിമ നിര്‍മിക്കാനൊരുങ്ങി കേരള രാജ്യാന്തര ചലച്ചിത്രമേളയിലെത്തിയിരിക്കുന്ന ഒരുകൂട്ടം യുവതി യുവാക്കള്‍. ‘ടീം ബറാക്ക’യെന്ന ഈ സിനിമ കൂട്ടായ്മ ചലച്ചിത്ര പോസ്റ്ററുകള്‍ വിറ്റ് ഇതിനോടകം നിര്‍മിച്ചത് മൂന്ന് ഹ്രസ്വചിത്രങ്ങളും ഒരു ഡോക്യുമെന്ററിയും. അതില്‍ ഇവര്‍ തയാറാക്കിയ ‘രാത്രിയില്‍ കണ്ണുകാണുന്ന പെണ്‍കുട്ടി’ കഴിഞ്ഞ കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയിരുന്നു.

സിനിമയെന്ന സ്വപ്നത്തിനായി മൂന്ന് വര്‍ഷം മുമ്പ് രൂപീകൃതമായ ‘ടീം ബറാക്ക’യില്‍ ഇതിനോടകം സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുമായി 25ഓളം പേരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇവര്‍ സംവിധാനം ചെയ്ത് കൂട്ടായ്മയിലെ തന്നെ അംഗങ്ങള്‍ അഭിനയിച്ച ‘ടൂറിസ്റ്റ്’ എന്ന ഹ്രസ്വചിത്രം ഇവരുടെ ‘ബറാക്ക 69 വേള്‍ഡ്’ എന്ന യൂട്യൂബ് ചാനല്‍ വഴി റിലീസ് ചെയ്തിരുന്നു.

ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ബറാക്ക ടീമിന് ഐ.എഫ്.എഫ്.കെ, ഐ.ഡി.എഫ്.എഫ്.കെ പോലുള്ള മേളകള്‍ സിനിമകള്‍ കാണാന്‍ മാത്രമല്ല സിനിമകള്‍ നിര്‍മിക്കാനുള്ള വഴികൂടിയാണ്. ആള്‍കൂട്ടം എവിടെയുണ്ടോ അവിടെയെല്ലാം മൂന്നുവര്‍ഷമായി ഇവര്‍ പോസ്റ്ററുമായി എത്താറുണ്ട്.

ഒരോ വിദേശ ചലച്ചിത്രങ്ങളുടെയും ലോകോത്തര സംവിധായകരുടെയും വര്‍ണാഭമായ പോസ്റ്ററുകള്‍ തയാറാക്കി ഇവര്‍ സിനിമപ്രേമികള്‍ക്ക് നല്‍കുന്നതിലൂടെ പോസ്റ്ററുകള്‍ വാങ്ങുന്നവരും ചിത്രത്തിന്റെ നിര്‍മാതാക്കളായി മാറുകയാണെന്ന് ടീം അംഗമായ ആദര്‍ശ് പറഞ്ഞു. പുതിയൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ് ടീം ഇപ്പോള്‍. ഇതിനായുള്ള ഫണ്ട് സ്വരൂപിക്കലിന്റെ ഭാഗമായാണ് ഇത്തവണയും ഐ.എഫ്.എഫ്.കെയില്‍ സംഘം എത്തിയിരിക്കുന്നത്.

Top