തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലെ ധൂര്‍ത്തെന്ന് വിമര്‍ശനം നേരിടുമ്പോഴും മുഖ്യമന്ത്രിക്കും പൊലീസിനും പറക്കാന്‍ ഹെലികോപ്റ്റര്‍ തയ്യാറായി. ഡല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തിച്ചു.
പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. പൈലറ്റ് ഉള്‍പ്പടെ പതിനൊന്നു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്റര്‍ ഇന്നലെ തിരുവനന്തപുരത്തെത്തിച്ചു. പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ ഗ്രൗണ്ടിലെത്തിച്ച ഹെലികോപ്ടര്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചു
മാവോയിസ്റ്റ് നിരീക്ഷണം,ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും ഹെലികോപ്റ്റര്‍ പ്രധാനമായും ഉപയോഗിക്കുക. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ലക്ഷങ്ങള്‍ ചിലവഴിച്ചു ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് ധൂര്‍ത്താണെന്ന പ്രതിപക്ഷ വിമര്‍ശനം സര്‍ക്കാര്‍ വകവെച്ചിട്ടില്ല.