ഇംഫാല്‍: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ രണ്ട് പതിറ്റാണ്ടിനിപ്പുറം ആദ്യമായി ഒരു ഹിന്ദി സിനിമ പ്രദര്‍ശിപ്പിക്കുന്നു. ആദിവാസി വിദ്യാര്‍ത്ഥി സംഘടനയായ ഹ്‌മാര്‍ സ്റ്റുഡന്റ്സ് അസോസിയേഷനാണ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചലച്ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഒരു ഹിന്ദി സിനിമ പരസ്യമായി പ്രദര്‍ശിപ്പിക്കുമെന്ന് തിങ്കളാഴ്ച അര്‍ദ്ധരാത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ HSA അറിയിച്ചിരുന്നു. ചുരാചന്ദ്പൂര്‍ ജില്ലയിലെ റെങ്കൈയില്‍ ഇന്ന് വൈകുന്നേരമാണ് പ്രദര്‍ശനം ആരംഭിക്കുക.
ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പതിറ്റാണ്ടുകളായി ആദിവാസികളെ അടിച്ചമര്‍ത്തുന്ന തീവ്രവാദ ഗ്രൂപ്പുകളോടുള്ള എതിര്‍പ്പാണ് തീരുമാനത്തിന് പിന്നിലെന്നും HSA. ‘സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നതില്‍ ഞങ്ങളോടൊപ്പം ചേരുക” എന്നും HSA കൂട്ടിച്ചേര്‍ത്തു.
അതേസമയം മണിപ്പൂരില്‍ അവസാനമായി പരസ്യമായി പ്രദര്‍ശിപ്പിച്ച ഹിന്ദി സിനിമ 1998-ല്‍ ‘കുച്ച് കുച്ച് ഹോതാ ഹേ’ ആണെന്ന് HSA പറഞ്ഞു. വിമത സംഘടനയായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് 2000 സെപ്റ്റംബറില്‍ ഹിന്ദി സിനിമകളുടെ പ്രദര്‍ശനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.