A – I group conflicts

ന്യൂഡല്‍ഹി : ഭരണ തുടര്‍ച്ച ലഭിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിപദം പങ്കിടുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കാന്‍ ഐ ഗ്രൂപ്പ് നീക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഗ്രൂപ്പ് വൈര്യം മറന്ന് ഇരു ഗ്രൂപ്പുകളും ഒറ്റക്കെട്ടായി നില്‍ക്കുന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനാണ് ശ്രമം.

എ.ഐ.സി.സി യില്‍ അടുപ്പക്കാരായ നേതാക്കള്‍വഴി സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മുന്നില്‍ വിഷയമവതരിപ്പിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തോടൊപ്പം മുഖ്യമന്ത്രിപദം പങ്കിടുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ രൂപപ്പെടുത്താനാണ് ഐ ഗ്രൂപ്പ് ശ്രമിക്കുന്നത്. ഭരണ തുടര്‍ച്ച ലഭിച്ചാല്‍ ആദ്യത്തെ രണ്ടരവര്‍ഷം ഉമ്മന്‍ചാണ്ടിയും അവശേഷിക്കുന്ന കാലയളവില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാവണമെന്നതാണ് ആവശ്യം.

ഐ ഗ്രൂപ്പിന്റെ ഈ നിലപാടിനോട് എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും യോജിപ്പില്ലെങ്കിലും ഇപ്പോള്‍ ഈ കാരണത്താല്‍ ഐ ഗ്രൂപ്പുമായി ഉടക്കേണ്ടെന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം . ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് വ്യക്തമാക്കി തല്‍ക്കാലം തലയൂരാനാണ് നേതൃത്വം ശ്രമിക്കുന്നത്. ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ നിര്‍ദ്ദേശം വന്നാലും ഇതേ നിലപാട് സ്വീകരിക്കാനാണ് ഗ്രൂപ്പ് തീരുമാനം.

പരമാവധി ഗ്രൂപ്പ് പ്രതിനിധികളെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനാണ് ഇരു ഗ്രൂപ്പ് നേതൃത്വങ്ങളും ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോപണങ്ങളും, പ്രായവും, മത്സരിച്ച കാലയളവുമെല്ലാം മാനദണ്ഡമാക്കി ഗ്രൂപ്പ് നേതാക്കളെ വെട്ടിനിരത്താനുള്ള സുധീരന്റെ നീക്കം സ്‌ക്രീനിംഗ് കമ്മിറ്റിയിലെ ഭൂരിപക്ഷം വച്ച് തടയാന്‍ എ – ഐ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് തന്നെ ആശങ്കയുണ്ട്. സുധീരന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍ഡ് തയ്യാറായാല്‍ പകരം വരുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഗ്രൂപ്പ് താല്‍പ്പര്യത്തെക്കാള്‍ സുധീരനോട് വിധേയത്വമുണ്ടാവാനുള്ള സാധ്യതയാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ഉറക്കം കെടുത്തുന്നത്.

എറണാകുളം ജില്ലയില്‍ ഇതിനകം തന്നെ ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം എ ഗ്രൂപ്പ് വിട്ട് സുധീരനോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. പ്രവര്‍ത്തകരുടെയും രണ്ടാംനിര നേതാക്കളുടെയും യുവാക്കളുടെയുമെല്ലാം പിന്‍തുണ പാര്‍ട്ടിക്കകത്ത് സുധീരന് വര്‍ദ്ധിക്കുന്നതും പൊതു സമൂഹത്തിലുള്ള സ്വീകാര്യതയും കണക്കിലെടുത്ത് സുധീരനെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമോ എന്ന കാര്യവും ഗ്രൂപ്പ് നേതൃത്വം ഉറ്റു നോക്കുകയാണ്. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടിക്ക് മാത്രമല്ല അദ്ദേഹത്തിന്റെ പിന്‍ഗാമിയാകാന്‍ ശ്രമിക്കുന്ന രമേശ് ചെന്നിത്തലക്കും വന്‍ തിരിച്ചടിയാണുണ്ടാക്കുക.

നിലവില്‍ ഹരിപ്പാട് മത്സരിക്കുന്ന ചെന്നിത്തലയ്ക്ക് അവിടുത്തെ കാര്യങ്ങളും അത്ര ഭദ്രമല്ല. കഴിഞ്ഞ തവണ അയ്യായിരത്തോളം വോട്ടിന് മാത്രമാണ് വിജയിച്ചത്. ഇത്തവണ ബി.ജെ.പി യുവനേതാവായ വി.വി. രാജേഷിനെ രംഗത്തിറക്കുന്നതിനാല്‍ വലിയ വിജയ പ്രതീക്ഷയിലാണ് ഇടതുമുന്നണി. ബി.ജെ.പി യു.ഡി.എഫിന്റെ വോട്ട് ബാങ്കിലാണ് വിള്ളലുണ്ടാക്കുകയെന്നതിനാല്‍ അട്ടിമറി വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം.

Top