കോട്ടയം: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കൂലി വാങ്ങിയവര്‍ക്കും നല്‍കിയവര്‍ക്കുമെതിരേ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യൂ എന്ന് വെല്ലുവിളിച്ച് എ.കെ.ആന്റണി.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ ഉണ്ടാക്കിയത്. ഇതില്‍ അപാകത കണ്‌ടെത്തിയതും കരാര്‍ ഒപ്പിട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും കരാര്‍ റദ്ദാക്കിയതും യുപിഎ സര്‍ക്കാര്‍ തന്നെയാണ്.
ഇനി അന്വേഷണത്തില്‍ നടപടി സ്വീകരിക്കേണ്ടത് ബിജെപി സര്‍ക്കാരാണ്. അന്വേഷണത്തില്‍ തെളിവ് ലഭിച്ചെങ്കില്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതെന്നും ആന്റണി ചോദിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരേ ഇടപാടുമായി ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. സോണിയ സര്‍ക്കാരിന്റെ കരാറിന്റെയോ ഭാഗമായിട്ടില്ല. അവരെ വെറുതെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സോണിയ ഗാന്ധിയെ അപമാനിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയാന്‍ തയാറാകണം.
പാര്‍ലമെന്റില്‍ നിന്നും ഒളിച്ചോടി പ്രതികാരം തീര്‍ക്കാന്‍ മോദി കേരളം തെരഞ്ഞെടുത്തത് നിര്‍ഭാഗ്യകരമായിപ്പോയി. കേരളത്തില്‍ ബിജെപി വെള്ളം പോലെ പണം ഒഴുക്കുകയാണെന്നും ഈ പണം എവിടെ നിന്നും ലഭിച്ചുവെന്ന് ബിജെപി വ്യക്തമാക്കണമെന്നും എ.കെ.ആന്റണി ആവശ്യപ്പെട്ടു.