ചതിയും വഞ്ചനയും വാഗ്ദാന ലംഘനവുമാണ് സര്‍ക്കാരിന്റെ മദ്യനയമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയത്തിനെതിരെ ശക്തമായ പ്രതിഷേധ മറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

‘കൊടിയ വഞ്ചന, വാഗ്ദാന ലംഘനം’ എന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യ നയത്തെ കുറിച്ച് എകെ ആന്റണിയുടെ പ്രതികരണം. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാള്‍ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാറും ചെയ്തിട്ടില്ലെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.

‘തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും എന്ന രീതിയില്‍ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി. ജനരോഷം ഭയാണ് ഇത്രയും കാലം ഇത് നീട്ടി കൊണ്ടു പോയത്, എകെ ആന്റണി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ മദ്യമുതലാളിമാരുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നും അവരില്‍ നിന്ന് എത്ര കാശാണ് വാങ്ങിയതെന്നതു സംബന്ധിച്ച് താനൊന്നും പറയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദയഭാനുവിനെ ചാരി വീര്യം കൂടിയ മദ്യം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഉദയഭാനു പറഞ്ഞത് മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് പക്ഷെ ഇവിടെ സര്‍ക്കാര്‍ ലഭ്യത വര്‍ധിപ്പിച്ചു. രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നു.

Top