തിരുവനന്തപുരം:കശ്മീരിലേത് വന്‍സുരക്ഷാ വീഴ്ചയാണെന്നും രാജ്യസുരക്ഷയെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എകെ ആന്റണി.
കശ്മീരിലെ സ്ഥിതിഗതികള്‍ കൈവിട്ടു പോകുകയാണെന്നും ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറിലെ പ്രശ്‌നം കശ്മീര്‍ മൊത്തം വ്യാപിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാതെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
പഠാന്‍കോട്ട് ആക്രമണം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വീണ്ടുമൊരു സൈനിക കേന്ദ്രം ആക്രമിക്കുവാന്‍ തീവ്രവാദികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.
പഠാന്‍കോട്ടിലെന്ന പോലെ ഉറി ആക്രമണത്തിലും പാകിസ്താന്റെ പങ്ക് വ്യക്തമാണ്. പാകിസ്താന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ ഇന്ത്യന്‍ സൈന്യത്തിന് സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാനും അത് നടപ്പാക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കണമെന്നും മുന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു