വാളയാര്‍ പീഡനക്കേസ്: അപ്പീല്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി ബാലന്‍

തിരുവനന്തപുരം: വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ പോകുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എ കെ ബാലന്‍. വിധിപകര്‍പ്പ് ലഭിച്ചതിന് ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനം. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെങ്കില്‍ അതുപരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത കേസില്‍ വി മധു, ഷിബു, എം മധു എന്നീ പ്രതികളെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പാലക്കാട് അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന കേസിൽ പാലക്കാട് പോക്സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കും.

വിധിപ്പകർപ്പ് ലഭിച്ചാൽ അത് പരിശോധിച്ച് നടപടി സ്വീകരിക്കും. പോക്സോ വകുപ്പുകൾക്കു പുറമേ, ബലാൽസംഗം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.

അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ അത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും.


കേരളം ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം.പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായെന്നാണ് സൂചന. മൂന്നാം പ്രതി പ്രദീപ് കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറി. കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന തെളിവ് കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. രഹസ്യ വിചാരണാവേളയില്‍പ്പോലും ശക്തമായ സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് കിട്ടിയിരുന്നില്ല.

2017 ജനുവരി 13നാണ് 13 വയസ്സുകാരിയേയും മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണമെന്നുമാത്രമായിരുന്നു ആദ്യമന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ നിഗമനം. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ആദ്യ മരണത്തില്‍ കേസെടുക്കാന്‍ അലംഭാവം കാണിച്ചതിന് വാളയാര്‍ എസ്‌ഐയ സസ്‌പെന്റ് ചെയ്തു.

കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കായതും ചര്‍ച്ചയായിരുന്നു. പിന്നീട് അദ്ദേഹംകേസ് വേറെ അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു. ഇനിയുളളത് പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ കേസ് മാത്രമാണ്. അടുത്ത മാസം പകുതിയോടെ വിധിയുണ്ടാകുമെന്നാണ് സൂചന.

Top