A K balan statenent

കോഴിക്കോട് : ഗുല്‍ബര്‍ഗയില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ റാഗിംഗിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ചികിത്സയ്ക്കുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍.

അശ്വതിയുടെ പഠനച്ചെലവും സര്‍ക്കാര്‍ വഹിക്കും. തുടര്‍ പഠനം മുഴുവന്‍ കേരളത്തില്‍ തന്നെ നടത്താന്‍ സൗകര്യം ഏര്‍പ്പെടുത്തും. പഠിച്ച് പാസായിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍ ജോലി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അശ്വതിയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

അശ്വതി രക്ഷപ്പെടില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പോലും ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. ഇപ്പോള്‍ പക്ഷേ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്.

മെയ് 9ന് ആണ് സംഭവം നടന്നത്. അന്നൊക്കെ അവിടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് കേരളത്തിലെത്തിച്ചത്. ജൂണ്‍ 21നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അശ്വതിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടയ്ക്ക് ചെറിയ പനി വരുന്നുണ്ട്. അത് സന്ദര്‍ശകരുടെ തിരക്ക് അനിയന്ത്രിതമായതു കൊണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top