കേന്ദ്രത്തിന്റെ അന്തിമ തീരുമാനത്തിന് മുമ്പ് പുതുക്കിയ പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി

കണ്ണൂര്‍: കേന്ദ്രത്തിന്റെ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ ഗതാഗത നിയമലംഘനത്തിനു പുതുക്കിയ പിഴ ഈടാക്കില്ലെന്നു വ്യക്തമാക്കി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രംഗത്ത്. പുതിയ നിരക്ക് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്നും മന്ത്രി പറഞ്ഞു.

ഗതാഗത നിയമലംഘനത്തിന് ഉയര്‍ന്ന പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പിഴത്തുക സംസ്ഥാനങ്ങള്‍ക്കു നിശ്ചയിക്കാമെന്നു കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയില്ല.

അതേസമയം, ഉത്തരവു ലഭിക്കുന്നതു വരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവത്കരണം മാത്രം നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കേന്ദ്രനിയമ ഭേദഗതിയെക്കുറിച്ചു പഠിക്കുന്നതിന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഈ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാകും അന്തിമ നടപടി.

Top