കോഴിക്കോട് : കെഎസ്ആര്‍ടിസിയുടെ സര്‍വീസ് മുടക്കി സമരത്തിനിറങ്ങുന്നതിനു പകരം മറ്റു രീതിയിലുള്ള സമര മുറകള്‍ സ്വീകരിക്കാന്‍ സംഘടനകള്‍ ശ്രമിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.
നിലവില്‍ കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ ഇടിവു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തെ വരുമാനം ആറു കോടിയില്‍ താഴെയാണ്. ഒരു ദിവസത്തെ വരുമാനം മുടങ്ങിയാല്‍പ്പോലും അതു ശമ്പള വിതരണത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മാസവും ശമ്പളം വൈകുന്നുണ്ടെങ്കിലും അതാതുമാസം തന്നെ കൊടുത്തുതീര്‍ക്കാന്‍ കെഎസ്ആര്‍ടിസി കഠിനപ്രയത്‌നം നടത്തുകയാണ്. ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ചാക്രികമായാണു പണം നല്‍കുന്നത്. ആദ്യ പത്തുദിവസത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ഇന്ധനവില നല്‍കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഊഴമനുസരിച്ച് ശമ്പളവും പെന്‍ഷനും നല്‍കും. ഒരു ദിവസത്തെ വരുമാനം കുറഞ്ഞാല്‍ ശമ്പള വിതരണവും അതിനനുസരിച്ചു വൈകുമെന്നും മന്ത്രി അറിയിച്ചു.
എംഡിയും ചെയര്‍മാനും തൊഴില്‍ വകുപ്പും ചര്‍ച്ചകള്‍ നടത്തിയെങ്കിലും തൊഴിലാളികള്‍ തൃപ്തരല്ല. തൊഴിലാളികളുമായി തുറന്ന ചര്‍ച്ചയ്ക്കു തയാറാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. തൊഴിലാളി സംഘടനകള്‍ തിങ്കളാഴ്ച സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണു മന്ത്രിയുടെ പ്രതികരണം.
വിവിധ ആവശ്യങ്ങള്‍ക്കായി കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരാണ് തിങ്കളാഴ്ച പണിമുടക്കുന്നത്. പ്രതിപക്ഷാനുകൂല തൊഴിലാളി സംഘടനയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമാക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുക.
രണ്ടുകൊല്ലം കൊണ്ട് കെഎസ്ആര്‍ടിസിയെ ലാഭത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ഇടതു മുന്നണി, സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. അതോടൊപ്പം ശമ്പള പരിഷ്‌ക്കരണം നടപ്പിലായില്ല, ഡിഎ കുടശ്ശിക നല്‍കിയിട്ടില്ല തുടങ്ങിയ ആവശ്യങ്ങളാണ് സമരാനുകൂലികള്‍ ഉന്നയിക്കുന്നത്.
പണിമുടക്കിന് ഡയസ്‌നോണ്‍ ബാധകമാക്കി കെഎസ്ആര്‍ടിസി ഉത്തരവിറിക്കിയിട്ടുണ്ട്. സിഐടിയു, എഐടിയുസി , ബിഎംഎസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അതുകൊണ്ടു തന്നെ സര്‍വ്വീസുകള്‍ വ്യാപകമായി മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രതീക്ഷ.