ദേശീയപാത സമരം 12-ാം ദിവസത്തിലേക്ക്; ഗതാഗത മന്ത്രി സമര പന്തല്‍ സന്ദര്‍ശിക്കും

കല്‍പ്പറ്റ: ദേശീയപാത 766 അടച്ചിടാനുള്ള നീക്കത്തിനെതിരെ സുല്‍ത്താന്‍ ബത്തേരിയില്‍ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം 12-ാം ദിവസത്തിലേയ്ക്ക്. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അടക്കം പ്രമുഖ നേതാക്കള്‍ ഇന്ന് സമര പന്തല്‍ സന്ദര്‍ശിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സമരസമിതി നേതാക്കളുമായി മന്ത്രി ചര്‍ച്ച നടത്തും. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരസമിതിയുമായ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിരാഹാര സമരം അവസാനിപ്പിക്കാന്‍ ചര്‍ച്ചയില്‍ മന്ത്രി ആവശ്യപ്പെടുമെന്നാണ് സൂചന. മന്ത്രി എകെ ബാലനുമായുള്ള കൂടിക്കാഴ്ചയിലൂടെ സമരം അവസാനിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി മഹാ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സമര സമിതി തീരുമാനിച്ചിട്ടുണ്ട്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ മുഴുവന്‍ ആളുകളും സമരത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു.

Top