ഗാന്ധിനഗർ: കാട്ടിൽ നിന്ന് നാട്ടിലേക്ക് മൃഗങ്ങൾ ഇറങ്ങുന്നത് പതിവാണ്. കാട്ടാന ആക്രമണവും പുലി ശല്യവുമെല്ലാം പലപ്പോഴും പരിചിതമായ സംഭവങ്ങളാണ്. എന്നാൽ ഗുജറാത്തിൽ ഒരു സ്വകാര്യ കമ്പനിയിൽ എത്തിയത് ഒരു സിംഹമാണ്. ജോലി സമയത്ത് ജീവനക്കാരെ ഭീതിയിലാഴ്ത്തിക്കൊണ്ടാണ് സിംഹം എത്തിയത്. ആരെയും ആക്രമിച്ചതായി റിപ്പോർട്ടില്ലെങ്കിലും സിംഹത്തിന്റെ വരവ് ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച ഗുജറാത്തിലെ റജുലയിലെ ഒരു സ്വകാര്യ കമ്പനിയിലാണ് സംഭവം. അംറേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ ഹാളിൽ സിഹം ചുറ്റിത്തിരിയുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ സിംഹത്തെ പിടികൂടാനായിട്ടില്ല. പ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചിട്ടുണ്ട്. അംറേലി ജില്ലയിൽ അടുത്തിടെ എട്ട് പെൺ സിംഹങ്ങൾ നാട്ടിലിറങ്ങിയ സംഭവത്തിന് പിന്നാലെയാണ് പുതിയ സംഭവം. ഇവിടങ്ങളിൽ സിംഹത്തെ കാണുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.