ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു, ഭൂമിയെ രക്ഷിക്കാന്‍ ചെയ്യേണ്ടതൊന്നും നടന്നിട്ടില്ല; ഗ്രെറ്റ

കാലാവസ്ഥാ വ്യതിയാനം തടയാന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട തന്റെ പ്രചരണങ്ങള്‍ക്ക് ശേഷം ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭൂമിയെ രക്ഷിക്കാന്‍ ആവശ്യമായത് മാത്രം നടന്നിട്ടില്ലെന്ന് ഗ്രെറ്റ തന്‍ബെര്‍ഗ്.

‘ഒരു തരത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ലോകത്തിലെ യുവാക്കള്‍ കൂട്ടമായി കാലാവസ്ഥയെ പ്രധാന അജണ്ടയായി ഉയര്‍ത്തിക്കാണിച്ചുവെന്ന് സ്വീഡനില്‍ നിന്നുള്ള 17കാരി ഡബ്യുഇഎഫ് വാര്‍ഷിക സമ്മേളനത്തില്‍ ചൂണ്ടിക്കാണിച്ചു.

‘ആളുകള്‍ക്ക് ഇപ്പോള്‍ ഇതേക്കുറിച്ച് അറിവുണ്ട്. കാലാവസ്ഥയും, പ്രകൃതിയും ചൂടേറിയ വിഷയമാണ്. വലുതാണെങ്കിലും മറ്റൊരു തരത്തില്‍ നോക്കിയാല്‍ ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല’, ഗ്രെറ്റ ഓര്‍മ്മിപ്പിച്ചു. ഇപ്പോഴും തുടക്കത്തില്‍ തന്നെയാണ് കാര്യങ്ങള്‍, ഗ്രീന്‍ഹൗസ് വാതകങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്, കൗമാരക്കാരക്കാരിയായ ഗ്രെറ്റ തന്‍ബെര്‍ഗ് എന്ന പ്രചാരക വ്യക്തമാക്കി.

എല്ലാവരും താന്‍ പറയുന്നത് കേള്‍ക്കുന്നത് കൊണ്ട് തന്നെ കേള്‍ക്കുന്നില്ലെന്ന് പരാതി പറയില്ലെന്നും കൈയടികള്‍ക്കിടെ ഗ്രെറ്റ പറഞ്ഞു. ലോകം സ്വീകരിക്കേണ്ടതായ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തിലാണ് ഗ്രെറ്റ തന്‍ബെര്‍ഗും ഒരു സംഘം യുവ ആക്ടിവിസ്റ്റുകളും സംസാരിച്ചത്.

2018ല്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് സ്വീഡിഷ് പാര്‍ലമെന്റിന് പുറത്ത് ‘കാലാവസ്ഥയ്ക്കായി സ്‌കൂള്‍ സമരം’ എന്ന ബോര്‍ഡും പിടിച്ച് ഒറ്റയ്ക്ക് സമരത്തിന് ഇറങ്ങിയതോടെയാണ് ലോകം ഗ്രെറ്റയെ കണ്ടത്. എല്ലാ വെള്ളിയാഴ്ചയും നില്‍പ്പ് തുടര്‍ന്നതോടെ ലോകത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ഇത് മാതൃകയായി.

Top