ആലപ്പുഴ: ശരീരം തളര്‍ന്ന് കിടപ്പിലായ ആളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ആലപ്പുഴ ജില്ലയിലെ എടത്വ തായങ്കരിയിലാണ് സംഭവം.
പുന്നശേരി മുളന്താനത്ത് ജോസ്‌മോന്‍ ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പൊലീസ് സ്ഥലത്ത് പരിശോധന തുടങ്ങി.
ശരീരം തളര്‍ന്ന ജോസ്‌മോനെ വീട്ടിലാക്കിയ ശേഷം രാവിലെ ഭാര്യയും മകന്റെ ഭാര്യയും കൂടി പുറത്തുപോയിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് കഴുത്തില്‍ കയര്‍മുറുക്കി മരിച്ച നിലയില്‍ കാണുന്നത്.
വീടിന്റെ ജനലിന് അരികിലായി ഇദ്ദേഹത്തെ ഇരുത്തിയിരിക്കുകയായിരുന്നു, പുറത്തുനിന്ന് ജനലിലൂടെ കഴുത്തി കയര്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കഴുത്തില്‍ കയര്‍ മുറുക്കിയ പാടുണ്ട്.
ജീവനൊടുക്കാന്‍ കഴിയാത്ത സ്ഥിതിയിലുള്ള ആളാണ് ജോസ്‌മോനെന്നാണ് വീട്ടുകാരുടെ മൊഴി. ശരീരം തളര്‍ന്ന അവസ്ഥയിലായതിനാലാണ് ജനലിന് സമീപം ഇരുത്തിയിട്ട് പോയത്.
സംഭവം നടന്ന വീട്ടില്‍ പൊലീസ് പരിശോധന തുടങ്ങി. വീടിന്റെ പരിസരത്ത് രാവിലെ നാടോടി സ്ത്രീകളെ കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.
ഇവരില്‍ ചിലര്‍ ഓട്ടോയില്‍ കയറി പോകുന്നത് കണ്ടുവെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.
എന്നാല്‍, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.