വിപ്ലവ മുദ്രാവാക്യത്തെ ‘ കച്ചവടമാക്കരുത് ‘ ആഷിഖ് അബുവിന് ഒരു മാസ് മറുപടി !

കോഴിക്കോട്: മായാനദി സംവിധായകന്‍ ആഷിഖ് അബുവിന് മാസ് മറുപടിയുമായി മുന്‍ എസ്.എഫ്.ഐ നേതാവ്.

‘മായാനദി’ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതിനെതിരെ ആഷിഖ് അബു പ്രതികരിച്ചതിനെതിരെയാണ് എസ്.എഫ്.ഐ മുന്‍ മലപ്പുറം ജില്ലാ കമ്മറ്റി അംഗമായ എന്‍.വി.പി റഫീഖ് രംഗത്ത് വന്നിരിക്കുന്നത്.

സിനിമക്കെതിരായ വിമര്‍ശനത്തിനെതിരെ ‘വേട്ടപ്പട്ടികള്‍ കുരച്ചോട്ടെ ,ലാത്തികള്‍ വീശിയടിക്കട്ടെ’ എന്ന് പ്രതികരിച്ച ആഷിഖ് അബു താന്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കാര്യവും എടുത്ത് പറഞ്ഞിരുന്നു.

ഇതിനെയാണ് മുന്‍ എസ്.എഫ്.ഐ നേതാവായ റഫീഖ് രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

ആഷിഖിന്റെ സിനിമ നല്ലതാണെങ്കില്‍ എന്ത് പ്രചരണം ഉണ്ടായാലും വിജയിക്കുമെന്നും മറിച്ച് നല്ലതല്ലങ്കില്‍ പരാജയപ്പെടാന്‍ വേട്ടപ്പട്ടികള്‍ കുരക്കേണ്ട കാര്യമില്ലന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

പൂര്‍ണ്ണരൂപം ചുവടെ :-

മിസ്റ്റര്‍ ആഷിഖ് അബു താങ്കളുടെ സിനിമ നല്ലതാണെങ്കില്‍ അത് ജനങ്ങള്‍ കാണും ഏതെങ്കിലും പ്രചരണം കൊണ്ട് മാത്രം മായാ നദി കാണാതിരിക്കാന്‍ മായാലോകത്തൊന്നുമല്ല കേരളീയ സമൂഹം ജീവിക്കുന്നത്.

ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് നടന്‍ ദിലീപിന്റെ രാമലീല.

ആ സിനിമക്കെതിരെ നടന്ന സംഘടിത ആക്രമണവും സിനിമ കാണരുതെന്ന് ആവശ്യപ്പെട്ട് പ്രമുഖര്‍ രംഗത്ത് വന്നതുമെല്ലാം കേരളം കണ്ടതാണ്.

എന്നാല്‍ സിനിമയെ സിനിമയായി കാണുന്നത് കൊണ്ട് ജനം രാമലീലക്ക് വമ്പന്‍ വിജയം നല്‍കി.

അതുപോലെ തന്നെ താങ്കളുടെ സിനിമ നല്ലതാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

അതല്ല മോശമാണെങ്കില്‍ ‘വേട്ടപ്പട്ടികള്‍ കുരച്ചിട്ടില്ലങ്കിലും’ ജനം ആ സിനിമ കാണില്ല.

സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം നടത്തുന്ന പ്രചരണത്തില്‍ താങ്കള്‍ എന്തിനാണ് ഇങ്ങനെ വിളറി പിടിക്കുന്നത് ?

താങ്കള്‍ക്കും മായാനദി സിനിമക്കും എതിരെ മാത്രം പ്രചരണം ഉണ്ടാകുമ്പോള്‍ സംഘടിത ആക്രമണവും മറ്റുള്ളവര്‍ക്ക് നേരെ ഉണ്ടാകുമ്പോള്‍ ജനകീയ പ്രതികരണവും എന്ന് വിലയിരുത്താന്‍ പറ്റില്ലല്ലോ ?

സൈബര്‍ ആക്രമണങ്ങള്‍ മുന്‍പും പല തവണ സിനിമാ മേഖലയില്‍ തന്നെ ഉണ്ടായിട്ടുണ്ട്.

സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മുട്ടിയും വരെ ഇത്തരം ‘കടന്നാക്രമണങ്ങള്‍’ക്ക് ഇരയായിട്ടുമുണ്ട്.

പക്ഷേ ഇവരാരും ‘വേട്ടപ്പട്ടികള്‍ കുരച്ചോട്ടെ, ലാത്തികള്‍ വീശിയടിക്കട്ടെ ‘ എന്ന് പറഞ്ഞ് വിമര്‍ശകരുടെ വായ അടപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.

മഹാരാജാസ് കോളജില്‍ പഠിച്ച താങ്കള്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായത് കൊണ്ട് അന്ന് വിളിച്ച മുദ്രാവാക്യം ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് വ്യക്തമാക്കിയതായി കണ്ടു.

ഞാനും ഒരു മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനാണ്. ജില്ലാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച അനുഭവവുമുണ്ട്.

അതുകൊണ്ടാണ് ചോദിക്കുന്നത്

എന്തിനാണ് സഖാവെ കച്ചവട സിനിമയുടെ വിജയത്തിന് വിപ്ലവ മുദ്രാവാക്യത്തെ ആയുധമാക്കുന്നത്.

നിങ്ങളുടെ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ച മമ്മുട്ടി ആരാധകര്‍ ഉള്‍പ്പെടെയുള്ളവരെ എടുത്ത് നോക്കിയാല്‍ നിങ്ങള്‍ വിളിച്ചതിനേക്കാള്‍ കൂടുതല്‍ മുദ്രാവാക്യം വിളിച്ച . . തെരുവില്‍ ചോര ചിതറിയ എത്രയോ സഖാക്കള്‍ അക്കൂട്ടത്തില്‍ കാണൂമെന്നുറപ്പാണ്.

വ്യക്തി എന്ന നിലയില്‍ പാര്‍വതിക്ക് മമ്മുട്ടിയെയും മമ്മുട്ടി അഭിനയിച്ച സിനിമയെയും വിമര്‍ശിക്കാന്‍ എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്.

ഒരു നടിയെന്ന നിലയില്‍ വിമര്‍ശിക്കണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഓരോരുത്തരുടെയും സാമാന്യയുക്തിയുടെ അടിസ്ഥാനത്തിലാണ്.

പാര്‍വതിയെ താങ്കള്‍ക്കും ഭാര്യക്കുമെല്ലാം പിന്തുണക്കാമെങ്കില്‍ മമ്മുട്ടിയുടെ ആരാധകര്‍ക്ക് മറിച്ചും ആകാല്ലോ ?

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെയാണല്ലോ . .

പാര്‍വതിയെ പിന്തുണച്ചതിന്റെ പേരില്‍ മാത്രം താങ്കളുടെ സിനിമ എന്തായാലും പരാജയപ്പെടില്ല.

അതിന് പക്ഷേ . . പൊരുതുന്ന മനസ്സുകളുടെ വികാരങ്ങള്‍ ഉയര്‍ത്താന്‍ ശ്രമിച്ചാല്‍ പ്രബുദ്ധ കേരളത്തില്‍ നടക്കില്ല.

സിനിമയെ സിനിമയായി കാണാനാണ് ബഹു ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്.ഈ നിലപാട് തന്നെയാണ് എനിക്കും . .

താങ്കളുടെ സിനിമക്ക് വിജയാശംസകള്‍ നേര്‍ന്നു കൊണ്ട് . .

അഡ്വ.എന്‍.വി.പി റഫീഖ്

Top