ഗാസയിലെ അല്‍ ശിഫ ആശുപത്രിയുടെ പരിസരത്ത് കൂട്ടശവസംസ്‌കാരം

ഗാസസിറ്റി: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 11,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ വിഭാഗം അധികൃതര്‍. അതിനിടെ, ഗാസയിലെ അല്‍ ശിഫ ആശുപത്രിയുടെ പരിസരത്ത് 179 പേരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്‌കരിച്ചതായി ആശുപത്രി ഡയറക്ടര്‍ മുഹമ്മദ് അബു സല്‍മിയ മാധ്യമങ്ങളോട് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഏഴ് കുട്ടികളുടെയും 29 രോഗികളുടെയും മൃതദേഹങ്ങള്‍ അടക്കമുള്ളവയാണ് സംസ്‌കരിച്ചത്. ആശുപത്രിയിലേക്കുള്ള ഇന്ധന വിതരണവും വൈദ്യുതിയും നിലച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ മരിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ആശുപത്രി സമുച്ചയത്തില്‍ മൃതദേഹങ്ങള്‍ നിറയുകയാണെന്നും, വൈദ്യുതിവിതരണം നിലച്ചിരിയ്ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. ശക്തമായ വ്യോമാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആശുപത്രിക്കുള്ളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരുമടക്കം പതിനായിരത്തിലധികം ആളുകള്‍ രക്ഷപ്പെടeനാകാതെ കുടുങ്ങിയിട്ടുണ്ടാകാന്‍ സാധ്യതയുള്ളതായി യു.എന്‍. അഭിപ്രായപ്പെട്ടു. കഴിഞ്ഞയാഴ്ച അല്‍ ശിഫ ആശുപത്രിയുടെ ഗേറ്റുകളില്‍ ടാങ്കുകളുമായി ഇസ്രയേല്‍ സൈന്യം 72 മണിക്കൂറോളം ഉപരോധം തീര്‍ത്തിരുന്നു.

Top