കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ഡൽഹി: കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യത്തിനൊപ്പം വാക്‌സിൻ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും. അതേസമയം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകണ്ടേതില്ലായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കൊവിഡ് കേസുകൾ വീണ്ടും സംസ്ഥാനങ്ങളിൽ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൂടാതെ ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. നിലവിലെ കൊവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിൻ വിതരണത്തിന്റെ തൽസ്ഥിതി, സംസ്ഥാന ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങൾ എന്നിവ പ്രധാനമന്ത്രി വിലയിരുത്തും. കൊവിഡ് കേസുകൾ ഉയർന്നതോടെ ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങൾ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്.

Top