ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്താന്‍ ഇന്ന് യോഗം ചേരും

ഇടുക്കി: ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ഇന്ന് യോഗം ചേരും. വൈകിട്ട് നാല് മണിക്ക് കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ ജില്ല പോലീസ് മേധാവി, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേരത്തെ ഇടുക്കി അണക്കെട്ടില്‍ സുരക്ഷ വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് യോഗം ചേരുന്നത്.

കഴിഞ്ഞഴ്ചയായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ഡാമില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് നിയാസ് എന്നയാള്‍ കടന്നുകയറി ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയിത്. ഇയാള്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകവും ഒഴിച്ചിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ ഇയാളുടെ പ്രവര്‍ത്തികള്‍ മനസിലായത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒറ്റപ്പാലം സ്വദേശിയാണിയാളെന്ന് മനസ്സിലായത്. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്.

വിദേശത്തു നിന്നും എത്തിയ ഇയാള്‍ക്ക് കാര്‍ വാടകക്ക് എടുത്ത് നല്‍കിയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി. മെറ്റല്‍ ഡിറ്റക്ടര്‍ വരെ ഉപയോഗിച്ചുള്ള പൊലീസിന്റെ കര്‍ശന പരിശോധന മറികടന്ന് ഇയാള്‍ താഴുകളുമായി അകത്തു കടന്നത് വലിയ സുരക്ഷ വീഴ്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്.

Top