നവകേരള സദസ്സ്: കഴക്കൂട്ടം മണ്ഡലത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പിന് തുടക്കം

തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള മെഗാ മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. കരിക്കകം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.തോമസ് മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ആരോഗ്യ കേരളമെന്ന ലക്ഷ്യത്തോടെ വിവിധ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും എംഎല്‍എ പറഞ്ഞു. നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.

സൗജന്യ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഡിസംബര്‍ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂര്‍, പൗണ്ട്കടവ്, പള്ളിത്തുറ വാര്‍ഡുകളിലും ഡിസംബര്‍ 17 ന് മെഡിക്കല്‍ കോളജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാര്‍ഡുകളിലും മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരിക്കും.

Top