ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാലിയയില്‍ റേഷന്‍ കടകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മധ്യവയസ്‌കനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബാലിയ സ്വദേശി ധീരേന്ദ്ര സിങിനെയാണ് ലഖ്‌നൗവില്‍നിന്ന് യു.പി. പൊലീസിന്റെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളും കൂട്ടുപ്രതികളുമായ സന്തോഷ് യാദവ്, മരജീത് യാദവ് എന്നിവരെയും ഞായറാഴ്ച പിടികൂടിയിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതികളില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബാലിയ ദുര്‍ജാന്‍പൂരില്‍ ജയപ്രകാശ്(46) എന്നയാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നോക്കിനില്‍ക്കേയായിരുന്നു ആക്രമണം.