രാജ്യതലസ്ഥാനത്ത് അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടാന്‍ സ്വപ്നം കണ്ടാണ് മുഹമ്മദ് മിനാജുദ്ദീന്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ എത്തിയത്. എന്നാല്‍ ഡിസംബര്‍ 15ന് ഇദ്ദേഹത്തിന്റെ പാതികാഴ്ച നഷ്ടമായി. ജാമിയ മിലിയ ഇസ്ലാമിയ ലൈബ്രറിയില്‍ നടന്ന പോലീസ് നടപടിക്കിടെയാണ് കാഴ്ച നഷ്ടമായതെന്നാണ് ആരോപിക്കപ്പെടുന്നത്.
എല്‍എല്‍എം പഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ ബിഹാറിലേക്ക് മടങ്ങാനാണ് മിനാജുദ്ദീന്‍ തയ്യാറെടുക്കുന്നത്. യൂണിവേഴ്‌സിറ്റി ക്യാംപസില്‍ സുരക്ഷിതമായി പോലും തോന്നുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ചയില്‍ ഉണ്ടായിരുന്ന വിശ്വാസം തന്നെ തകര്‍ന്ന അവസ്ഥയാണ്. ‘എന്താണ് എന്റെ തെറ്റ്? പഴയ ലൈബ്രറി റീഡിംഗ് റൂമില്‍ പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. പോലീസ് ക്യാംപസില്‍ എത്തിയെന്നറിഞ്ഞ് വാതില്‍ അടച്ചിരുന്നു. എന്നാല്‍ ഇത് തകര്‍ത്ത് കയറിയാണ്, മര്‍ദ്ദിച്ചത്’, മിനാജുദ്ദീന്‍ വ്യക്തമാക്കി.
ഡിസംബര്‍ 15നാണ് പുറത്ത് തീവെപ്പ് നടത്തിയ പുറമെ നിന്നുള്ളവരെ പിടികൂടാനായി പോലീസ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ കടന്നത്. വിദ്യാര്‍ത്ഥികള്‍ക്കും പോലീസ് നടപടിയില്‍ മര്‍ദ്ദനം നേരിട്ടു. പ്രതിഷേധങ്ങളില്‍ തങ്ങളില്ലെന്ന് പറഞ്ഞിട്ടും പോലീസ് ശ്രദ്ധിച്ചില്ല. ‘ലൈബ്രറിയില്‍ കടന്ന് അക്രമം നടത്തി. റോഡിന്റെ മറുവശത്തുള്ള ഗേറ്റ് നം7ന് പുറത്താണ് പ്രതിഷേധം ഉണ്ടായത്. അതില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല’, മിനാജുദ്ദീന്‍ പറഞ്ഞു.
വീട്ടുകാര്‍ മിനാജുദ്ദീനോട് പഠനം നിര്‍ത്തി തിരികെ വരാനാണ് ആവശ്യപ്പെടുന്നത്. എന്നിരുന്നാലും പഠനം പൂര്‍ത്തിയാക്കിയ ശേഷം മടങ്ങാമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.